
മനാമ: ബഹ്റൈനിൽ ലഹരിമരുന്ന് കടത്തും വിതരണവും തടയുന്നതിനുള്ള നടപടികൾ ശക്തമാക്കി ആഭ്യന്തര മന്ത്രാലയം. ആന്റി നർക്കോട്ടിക്സ് ഡയറക്ടറേറ്റ് നടത്തിയ വിവിധ പരിശോധനകളിൽ 40,000 ബഹ്റൈനി ദിനാറിലേറെ വിലമതിക്കുന്ന ലഹരിവസ്തുക്കളുമായി അഞ്ച് ഏഷ്യൻ പൗരന്മാരെ അറസ്റ്റ് ചെയ്തു. 39 മുതൽ 46 വയസ്സ് വരെയുള്ളവരാണ് പിടിയിലായത്.മൂന്ന് കേസുകളിലായാണ് പ്രതികളെ പിടികൂടിയത്. ഇതിൽ ഒരു കേസ് കസ്റ്റംസ് അഫയേഴ്സുമായി സഹകരിച്ച് നടത്തിയ പരിശോധനയിലൂടെയാണ് കണ്ടെത്തിയത്. അറസ്റ്റിലായവരിൽ നിന്ന് 2.5 കിലോഗ്രാമിലധികം ഭാരമുള്ള മയക്കുമരുന്നുകളും സൈക്കോട്രോപിക് വസ്തുക്കളും അന്വേഷണ സംഘം പിടിച്ചെടുത്തു.ലഭിച്ച രഹസ്യ വിവരങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്തിയത്. തുടർന്ന് നടത്തിയ നടപടികളിലൂടെ ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. പിടിച്ചെടുത്ത ലഹരിവസ്തുക്കൾ ഉൾപ്പെടെയുള്ള തെളിവുകളോടെ കേസ് രജിസ്റ്റർ ചെയ്ത ശേഷം തുടർ നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.ലഹരിമരുന്നിനെതിരായ പോരാട്ടത്തിൽ പൊതുജനങ്ങളുടെ സഹകരണവും ജാഗ്രതയും പ്രധാനമാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. മയക്കുമരുന്ന് ഉപയോഗമോ വിൽപ്പനയോ സംബന്ധിച്ച വിവരങ്ങൾ 24 മണിക്കൂറും പ്രവർത്തിക്കുന്ന 996 എന്ന ഹോട്ട്ലൈൻ നമ്പറിലോ 996@interior.gov.bh എന്ന ഇമെയിൽ വിലാസത്തിലോ അറിയിക്കാം. വിവരദാതാക്കളുടെ വ്യക്തിവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും അധികൃതർ വ്യക്തമാക്കി .







