നിയമക്കുരുക്കഴിഞ്ഞ് കണ്ണൂർ സ്വദേശിനിയും നാല് മക്കളും നാട്ടിലേക്ക്

മനാമ: സാമ്പത്തിക ബാധ്യതകളും നിയമക്കുരുക്കുകളും മൂലം ബഹ്‌റൈനിൽ ദുരിതത്തിലായ കണ്ണൂർ സ്വദേശിനിയും നാല് മക്കളും നാട്ടിലേക്ക് മടങ്ങി. അൽ ഹിലാൽ ഹോസ്പിറ്റൽ മാനേജ്‌മെന്റിന്റെയും BKSF-ന്റെയും നേതൃത്വത്തിൽ വിവിധ സാമൂഹിക സംഘടനകളും വ്യക്തികളും നടത്തിയ ഇടപെടലുകളാണ് കുടുംബത്തിന് തുണയായത്.

നാലു വർഷമായി ബഹ്‌റൈനിൽ ജോലി ചെയ്യുന്ന കുടുംബനാഥന് നേരിട്ട സാമ്പത്തിക പ്രശ്നങ്ങളെ തുടർന്ന് യാത്രാവിലക്ക് നിലനിന്നിരുന്നു. ഇതിനിടെ ഭാര്യയെയും മൂന്ന് മക്കളെയും സന്ദർശക വിസയിൽ ബഹ്‌റൈനിലെത്തിച്ചെങ്കിലും വിമാന സർവീസുകൾ തടസ്സപ്പെട്ടതോടെ വിസ കാലാവധി കഴിഞ്ഞു. ഭാര്യ നാലാമത്തെ കുഞ്ഞിന് ജന്മം നൽകിയതോടെ കുടുംബം കൂടുതൽ പ്രതിസന്ധിയിലായി. പ്രസവാനന്തര ചികിത്സാ ചെലവുമായി ബന്ധപ്പെട്ട ആശുപത്രി കേസ് മൂലം ഭാര്യയ്ക്കും യാത്രാവിലക്കുണ്ടെന്ന് പിന്നീട് കണ്ടെത്തി.

തുടർന്ന് BKSF-ന്റെ നേതൃത്വത്തിൽ സാമൂഹിക പ്രവർത്തകർ ഇടപെട്ട് കുടുംബത്തെ നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു. സെപ്റ്റംബർ 12ന് BKSF പ്രതിനിധികൾ അൽ ഹിലാൽ ഹോസ്പിറ്റൽ വൈസ് പ്രസിഡന്റ് ആസീഫുമായി കൂടിക്കാഴ്ച നടത്തി. കുടുംബത്തിന്റെ സാഹചര്യം മനസ്സിലാക്കിയ ആശുപത്രി മാനേജ്‌മെന്റ് അടയ്ക്കാനുണ്ടായിരുന്ന വലിയ തുകയും കോടതി ഫീസും പൂർണ്ണമായി ഒഴിവാക്കുകയും യാത്രാവിലക്ക് നീക്കുന്നതിനുള്ള നടപടികൾക്ക് പിന്തുണ നൽകുകയും ചെയ്തു.

സെപ്റ്റംബർ 20ന് BKSF മുഖേന ആവശ്യമായ കോടതി ഫീസ് അടയ്ക്കുകയും കുട്ടികളുടെ ഔട്ട് പാസ് പുതുക്കുകയും ചെയ്തു. മെഡ്‌ഹെൽപ്പ് ടീം മെഡിക്കൽ സഹായവും മരുന്നുകളും നൽകി. ജെ.പി. പ്രോപ്പർട്ടീസ് കുടുംബത്തിന് താമസസൗകര്യം ഒരുക്കി. യാത്രാ ടിക്കറ്റുകൾ റീ-ഇഷ്യൂ ചെയ്യുന്നതിനും ഭക്ഷണസാധനങ്ങൾ നൽകുന്നതിനും ഹോപ്പ് ബഹ്‌റൈനും സഹായിച്ചു. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും യാത്രാ രേഖകളുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിലാക്കാൻ പിന്തുണ നൽകി.

എല്ലാ നിയമനടപടികളും പൂർത്തിയാക്കിയതിനെ തുടർന്ന് സെപ്റ്റംബർ 29ന് കുടുംബം നാട്ടിലേക്ക് മടങ്ങി. പ്രതിസന്ധിയിലായ കുടുംബത്തിന് വലിയ സാമ്പത്തിക സഹായവും പിന്തുണയും നൽകിയ അൽ ഹിലാൽ ഹോസ്പിറ്റൽ മാനേജ്‌മെന്റിനും BKSF ഉൾപ്പെടെയുള്ള സാമൂഹിക സംഘടനകൾക്കും പ്രവാസി സമൂഹം നന്ദി അറിയിച്ചു.