ബഹ്‌റൈനിൽ വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു

മനാമ : വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ബഹ്‌റൈൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ വിവിധ വിഭാഗങ്ങളിലുള്ളവരെ ഉൾപ്പെടുത്തി നാല് പരിപാടികൾ സംഘടിപ്പിക്കുന്നു.ഇന്ന് ഒക്ടോബർ ഒന്ന് മുതൽ നാല് വരെയാണ് പരിപാടികൾ നടക്കുന്നത്. വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ, മലയാളി പ്രൊഫഷണലുകൾ എന്നിവരെ ലക്ഷ്യമിട്ടാണ് പരിപാടികൾ ഒരുക്കിയിരിക്കുന്നതെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ഒക്ടോബർ ഒന്ന് വ്യാഴാഴ്ച വൈകിട്ട് 7.30ന് ഹൂറ റയ്യാൻ സ്റ്റഡി സെന്ററിൽ ‘ഫോക്കസ് 6.0’ നടക്കും. ബഹ്‌റൈനിലെ മലയാളി പ്രൊഫഷണലുകളെയും അവരുടെ കുടുംബങ്ങളെയും ഉൾപ്പെടുത്തി സംഘടിപ്പിക്കുന്ന പരിപാടിയുടെ വിഷയം ‘കരിയറിനപ്പുറമുള്ള ജീവിതം’ എന്നതാണ്. എക്സ് ആൻഡ് വൈ ലേണിങ് സെന്റർ സ്ഥാപകനും സി ഇ ഒ യുമായ മുഹമ്മദ് അജ്മൽ സി, മദീന സർവകലാശാല വിദ്യാർത്ഥി മുഹമ്മദ് അജ്മൽ ഫൗസാൻ അൽ ഹികമി എന്നിവർ മുഖ്യപ്രഭാഷണം നടത്തും.ഒക്ടോബർ രണ്ട് വെള്ളിയാഴ്ച വൈകിട്ട് നാലിന് കെ.എം.സി.സി ഹാളിൽ ‘ടീൻസ്‌പേസ് 2026’ നടക്കും. കൗമാരപ്രായക്കാരായ വിദ്യാർത്ഥികളെ മാത്രം ഉൾപ്പെടുത്തി സംഘടിപ്പിക്കുന്ന പരിപാടിയിൽ തൊഴിൽമേഖലാ വികസനം, പഠനശേഷി മെച്ചപ്പെടുത്തൽ തുടങ്ങിയ വിഷയങ്ങൾക്കൊപ്പം ധാർമികതയിൽ അധിഷ്ഠിതമായ ജീവിതം കെട്ടിപ്പടുക്കുന്നതിനാവശ്യമായ മാർഗനിർദേശങ്ങളും നൽകും.മുഹമ്മദ് അജ്മൽ സി., മുഹമ്മദ് അജ്മൽ ഫൗസാൻ അൽ ഹികമി എന്നിവർക്കൊപ്പം അദ്‌ലിയ മസ്ജിദ് ഇമാം ശൈഖ് നബീൽ ദബ്‌വാൻ, അൽ മന്നാഇ സെന്റർ പ്രബോധകരായ സയ്യിദ് മുഹമ്മദ് ഹംദാസ്, വസീം അഹ്‌മദ് അൽ ഹികമി, സ്വാലിഹ് അൽ ഹികമി എന്നിവരും പരിപാടിയിൽ പങ്കെടുക്കും.ഒക്ടോബർ മൂന്ന് ശനിയാഴ്ച വൈകിട്ട് 7.30ന് ഹൂറ റയ്യാൻ സ്റ്റഡി സെന്ററിൽ ‘ഫ്യൂച്ചർ ലൈറ്റ് 3.0’ സംഘടിപ്പിക്കും. റയ്യാൻ സ്റ്റഡി സെന്റർ കഴിഞ്ഞ വർഷങ്ങളിലായി സംഘടിപ്പിച്ചുവരുന്ന പരിപാടിയുടെ ഭാഗമായി ഏഴാം ക്ലാസ് വിജയിച്ച വിദ്യാർത്ഥികൾക്കുള്ള ബിരുദദാന ചടങ്ങും രക്ഷിതാക്കൾക്കായുള്ള ബോധവത്കരണ പരിപാടിയും നടക്കും. രക്ഷാകർതൃത്വം എന്ന വിഷയത്തിൽ മുഹമ്മദ് അജ്മൽ സി. പ്രഭാഷണം നടത്തും.ഒക്ടോബർ നാല് ഞായറാഴ്ച വൈകിട്ട് 7.30ന് റയ്യാൻ സ്റ്റഡി സെന്ററിൽ അധ്യാപക പരിശീലന പരിപാടി നടക്കും. വിദ്യാർത്ഥികളുടെ ധാർമികവും വിദ്യാഭ്യാസപരവുമായ വളർച്ചയിൽ അധ്യാപകർ വഹിക്കുന്ന പങ്ക് കൂടുതൽ ഫലപ്രദമാക്കുന്നതിനാണ് പരിശീലനം സംഘടിപ്പിക്കുന്നത്. കുട്ടികളുടെ മനഃശാസ്ത്രപരമായ വളർച്ച മനസ്സിലാക്കി അവരോട് ഇടപഴകുന്നതും പുതിയകാലത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി കുട്ടികളുമായി സംവദിക്കുന്ന രീതികളും പരിശീലനത്തിൽ ചർച്ച ചെയ്യും. മുഹമ്മദ് അജ്മൽ സി. പരിശീലനത്തിന് നേതൃത്വം നൽകും.പരിപാടികളുടെ വിശദാംശങ്ങൾ അറിയിക്കുന്നതിനായി നടത്തിയ പ്രസ് മീറ്റിൽ വിസ്‌ഡം ബഹ്‌റൈൻ യൂണിറ്റ് പ്രസിഡന്റ് അബ്ദുൽ അസീസ് ടി.പി., വൈസ് പ്രസിഡന്റ് ഹംസ കെ. ഹമദ്, മാധ്യമ സെക്രട്ടറി റഷീദ് മാഹി, വിദ്യാഭ്യാസ സെക്രട്ടറി സാദിഖ് ബിൻ യഹ്‌യ, എക്സ് ആൻഡ് വൈ ലേണിങ് സെന്റർ ഫൗണ്ടർ ആൻഡ് സി ഇ ഒ മുഹമ്മദ് അജ്മൽ സി., മദീന സർവകലാശാല വിദ്യാർത്ഥി മുഹമ്മദ് അജ്മൽ ഫൗസാൻ അൽ ഹികമി, വസീം അഹ്‌മദ് അൽ ഹികമി, ഡോ. ഖൈസ് ഹരീദ്, ഷംസീർ ഒ.വി. എന്നിവർ പങ്കെടുത്തു