ഒമാൻ അൽ ഹെയിലിൽ പുതിയ ലുലു ഹൈപ്പർമാർക്കറ്റ് തുറന്നു

ഒമാനിലെ റീട്ടെയിൽ സാന്നിധ്യം കൂടുതൽ വിപുലമാക്കി ലുലു ഗ്രൂപ്പ്. മസ്കറ്റിലെ അൽ ഹെയിലിൽ പുതിയ ഹൈപ്പർമാർക്കറ്റ് പ്രവർത്തനം ആരംഭിച്ചു. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ സാന്നിധ്യത്തിൽ ഒമാൻ വാണിജ്യ-വ്യവസായ മന്ത്രാലയത്തിലെ ഇൻവെസ്റ്റ്‌മെന്റ് പ്രമോഷൻ അണ്ടർ സെക്രട്ടറി ഇബ്തിസാം ബിൻത് അഹമ്മദ് ബിൻ സയീദ് അൽ ഫറൂജി ഉദ്ഘാടനം നിർവഹിച്ചു.ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമായ ഷോപ്പിങ് അനുഭവം ഒരുക്കുകയാണ് ലക്ഷ്യമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു. ഒമാനിലെ ലുലുവിന്റെ 35-ാമത്തെ പദ്ധതിയാണ് അൽ ഹെയിലിൽ തുറന്ന ഹൈപ്പർമാർക്കറ്റ്. അടുത്ത ആറുമാസത്തിനുള്ളിൽ ഏഴ് പുതിയ സ്റ്റോറുകൾ കൂടി തുറക്കുമെന്നും അദ്ദേഹം അറിയിച്ചു.ലുലുവിന്റെ വികസനപദ്ധതികൾ ഒമാനിലെ റീട്ടെയിൽ മേഖലയ്ക്ക് കരുത്തേകുമെന്നും രാജ്യത്തെ നിക്ഷേപാന്തരീക്ഷത്തിന്റെ മികവ് വ്യക്തമാക്കുന്നതാണെന്നും ഇബ്തിസാം ബിൻത് അഹമ്മദ് ബിൻ സയീദ് അൽ ഫറൂജി പറഞ്ഞു. ഒമാന്റെ വാണിജ്യവളർച്ചയ്ക്ക് ഈ പദ്ധതികൾ വേഗം പകരുമെന്നും അവർ കൂട്ടിച്ചേർത്തു.76,973 ചതുരശ്രയടി വിസ്തൃതിയിലാണ് പുതിയ ഹൈപ്പർമാർക്കറ്റ് ഒരുക്കിയിരിക്കുന്നത്. പഴം, പച്ചക്കറി, മത്സ്യം, മാംസം, ഗ്രോസറി, ഫ്രഷ് ഫുഡ്, ദൈനംദിന ഉത്പന്നങ്ങൾ എന്നിവയ്ക്കൊപ്പം ഗൃഹോപകരണങ്ങൾ, ഇലക്ട്രോണിക്സ്, മൊബൈൽ ഫോണുകൾ, ആക്സസറികൾ എന്നിവയും ഇവിടെ ലഭ്യമാണ്. ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ ഉത്പന്നങ്ങൾക്ക് ആകർഷകമായ ഓഫറുകളും ഒരുക്കിയിട്ടുണ്ട്. ഉപഭോക്താക്കൾക്കായി വിപുലമായ പാർക്കിങ് സൗകര്യവും സജ്ജമാക്കിയിട്ടുണ്ട്.