‘ദോഫാർ മാരത്തൺ 2026’ ഡിസംബറിൽ;അന്താരാഷ്ട്ര അത്‌ലറ്റുകൾ അണിനിരക്കും

ദോഫാർ മുനിസിപ്പാലിറ്റി സംഘടിപ്പിക്കുന്ന ‘ദോഫാർ മാരത്തൺ 2026’ ഡിസംബർ 17 മുതൽ 19 വരെ സലാലയിൽ നടക്കും.ദോഫാറിൽ ആദ്യമായി സംഘടിപ്പിക്കുന്ന ഫുൾ ഡിസ്റ്റൻസ് മാരത്തണിൽ ഒമാനിൽ നിന്നും വിദേശത്തു നിന്നുമുള്ള നിരവധി അത്‌ലറ്റുകൾ പങ്കെടുക്കും.42.2 കിലോമീറ്ററാണ് പ്രധാന മാരത്തണിന്റെ ദൂരം. ദോഫാർ മുനിസിപ്പാലിറ്റി കെട്ടിടത്തിൽ നിന്ന് ആരംഭിച്ച് അൽ ബലീദ് പുരാവസ്തു പാർക്ക് ഉൾപ്പെടെയുള്ള പ്രധാന കേന്ദ്രങ്ങളിലൂടെ കടന്ന് അൽ ദഹാരിസ് ബീച്ചിലാണ് മാരത്തൺ സമാപിക്കുക.ഫുൾ മാരത്തണിന് പുറമെ രണ്ടംഗ, നാലംഗ റിലേ മത്സരങ്ങളും കുട്ടികൾക്കായുള്ള ഓട്ടമത്സരങ്ങളും കുടുംബ വിനോദപരിപാടികളും ഒരുക്കിയിട്ടുണ്ട്. ദോഫാറിന്റെ ടൂറിസം, പൈതൃകം, പ്രാദേശിക സമ്പദ്‌വ്യവസ്ഥ എന്നിവയ്ക്ക് കൂടുതൽ ഉണർവ് നൽകുന്നതിനൊപ്പം സലാലയെ ആഗോള കായിക ഭൂപടത്തിൽ അടയാളപ്പെടുത്തുകയാണ് മാരത്തണിന്റെ ലക്ഷ്യം.