
മനാമ: ആക്രമണ ഡ്രോണുകൾക്കായുള്ള ലോകത്തിലെ ആദ്യ ബഹുരാഷ്ട്ര സേനയായ ‘ഫാൽക്കൺ സ്ട്രൈക്ക് ടാസ്ക് ഫോഴ്സിൽ’ ചേരാൻ ബഹ്റൈൻ തീരുമാനിച്ചു. യു.എസ്. സെൻട്രൽ കമാൻഡിന്റെ നേതൃത്വത്തിൽ രൂപീകരിക്കുന്ന സേനയിൽ പങ്കാളിയാകാനുള്ള ബഹ്റൈന്റെ തീരുമാനത്തെ യു.എസ്. സെൻട്രൽ കമാൻഡ് കമാൻഡർ അഡ്മിറൽ ബ്രാഡ് കൂപ്പർ സ്വാഗതം ചെയ്തു.പ്രാദേശിക സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിൽ ബഹ്റൈൻ ഉറച്ച പങ്കാളിയാണെന്ന് കൂപ്പർ പറഞ്ഞു. വായുവിലും കടലിന്റെ ഉപരിതലത്തിലും കടലിനടിയിലും പ്രവർത്തിക്കുന്ന ഏകദിശ ആക്രമണ ഡ്രോണുകൾ ഉൾപ്പെടുന്ന ബഹുരാഷ്ട്ര, മൾട്ടി-ഡൊമെയ്ൻ സേനയായാണ് ഫാൽക്കൺ സ്ട്രൈക്ക് രൂപീകരിക്കുന്നത്.ഓഗസ്റ്റ് 13-നാണ് യു.എസ്. സെൻട്രൽ കമാൻഡ് ‘ഫാൽക്കൺ സ്ട്രൈക്ക്’ രൂപീകരണ നടപടികൾ ആരംഭിച്ചതായി പ്രഖ്യാപിച്ചത്. അമേരിക്കയുടെയും പ്രാദേശിക പങ്കാളി രാജ്യങ്ങളുടെയും സൈനിക പിന്തുണയോടെയാകും സേനയുടെ പ്രവർത്തനം.മിഡിൽ ഈസ്റ്റിലെ ഏകദിശ ആക്രമണ ഡ്രോണുകൾക്കായി യു.എസ്. സൈന്യം രൂപീകരിച്ച ആദ്യ പ്രത്യേക യൂണിറ്റായ ‘സ്കോർപ്യൻ സ്ട്രൈക്ക്’ ടാസ്ക് ഫോഴ്സിന്റെ വിജയത്തെ അടിസ്ഥാനമാക്കിയാണ് ‘ഫാൽക്കൺ സ്ട്രൈക്ക്’ വികസിപ്പിക്കുന്നത്. പുതിയ സാങ്കേതികവിദ്യകളും ശേഷികളും പങ്കാളി രാജ്യങ്ങളുമായി സംയോജിപ്പിച്ച് മേഖലയിൽ ഡ്രോൺ പ്രതിരോധ-ആക്രമണ ശേഷി ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.







