ഐ.സി.ആർ.എഫ് ബഹ്‌റൈൻ സംഘം ഇന്ത്യൻ അംബാസഡർ നിയുക്തനെ സന്ദർശിച്ചു

മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ അസോസിയേഷൻ (ഐ.സി.ആർ.എഫ് ബഹ്‌റൈൻ) ചെയർമാൻ അഡ്വ. വി.കെ. തോമസിന്റെ നേതൃത്വത്തിലുള്ള കോർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ നിയുക്തൻ ഡോ. പ്രദീപ് സിംഗ് രജ്പുരോഹിതുമായി കൂടിക്കാഴ്ച നടത്തി. ബഹ്‌റൈനിലേക്കുള്ള അദ്ദേഹത്തിന്റെ നിയമനത്തിൽ ആശംസകൾ അറിയിക്കുകയും ഊഷ്മളമായ സ്വീകരണം നൽകുകയും ചെയ്തു.കൂടിക്കാഴ്ചയിൽ സംഘടനയുടെ പ്രവർത്തനങ്ങൾ, വിവിധ പദ്ധതികൾ, വർഷങ്ങളായി ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമത്തിനായി നടപ്പാക്കിവരുന്ന പ്രവർത്തനങ്ങൾ എന്നിവ സംഘം വിശദീകരിച്ചു. ഇന്ത്യൻ എംബസിയുമായുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ബഹ്‌റൈനിലെ ഇന്ത്യൻ സമൂഹത്തിന് മെച്ചപ്പെട്ട സേവനങ്ങളും സഹായങ്ങളും ലഭ്യമാക്കുന്നതിനുമായി പുതിയ പദ്ധതികൾ ആവിഷ്‌കരിക്കുമെന്നും ഐ.സി.ആർ.എഫ് അറിയിച്ചു. ഇന്ത്യൻ എംബസി നൽകിവരുന്ന പിന്തുണയ്ക്കും സഹകരണത്തിനും സംഘടന നന്ദി രേഖപ്പെടുത്തി.