
മസ്കത്ത്: ഒമാന്റെ ദേശീയദിനാഘോഷത്തോടനുബന്ധിച്ച് വാഹനങ്ങളിൽ ദേശീയദിനവുമായി ബന്ധപ്പെട്ട സ്റ്റിക്കറുകളും ചിത്രങ്ങളും പതിക്കാൻ റോയൽ ഒമാൻ പോലീസ് അനുമതി നൽകി. നവംബർ ഒന്നു മുതൽ 30 വരെയാണ് വാഹനങ്ങൾ അലങ്കരിക്കുന്നതിന് അനുമതി നൽകിയിരിക്കുന്നത്.വാഹനങ്ങളിൽ അലങ്കാരങ്ങൾ ഒരുക്കുന്നതിന് പാലിക്കേണ്ട നിബന്ധനകളും റോയൽ ഒമാൻ പോലീസ് ഗതാഗത വിഭാഗം പുറത്തിറക്കി. ദേശീയദിനവുമായി ബന്ധപ്പെട്ട ചിത്രങ്ങളും വാചകങ്ങളും മാത്രമേ സ്റ്റിക്കറുകളിൽ ഉൾപ്പെടുത്താവൂ. ഇവ വാഹനത്തിൽ സുരക്ഷിതമായി ഒട്ടിച്ചിരിക്കണമെന്നും നിർദേശമുണ്ട്.വാഹനങ്ങളുടെ മുൻവശത്തെയും വശങ്ങളിലെയും ഗ്ലാസുകളിൽ സ്റ്റിക്കറുകൾ പതിക്കാൻ അനുമതിയില്ല. പിൻവശത്തെ ഗ്ലാസിൽ കാഴ്ച മറയ്ക്കാത്ത വിധത്തിൽ ചിത്രങ്ങൾ മാത്രമേ അനുവദിക്കൂ. ബോണറ്റ് ഉൾപ്പെടെ വാഹനങ്ങളിൽ തുണികൊണ്ടുള്ള അലങ്കാരങ്ങൾ സ്ഥാപിക്കുന്നതിനും വിലക്കുണ്ട്. കിരീടത്തിന്റെയും ഖഞ്ചറിന്റെയും ചിത്രങ്ങൾ ഉൾപ്പെടുത്തിയ സ്റ്റിക്കറുകളും അനുവദിക്കില്ല.വാഹനത്തിന്റെ യഥാർഥ നിറത്തിലോ രൂപത്തിലോ മാറ്റം വരുത്തുന്നതോ റോഡ് സുരക്ഷയ്ക്ക് ഭീഷണിയാകുന്നതോ ആയ അലങ്കാരങ്ങൾ പാടില്ലെന്നും അധികൃതർ വ്യക്തമാക്കി.നാല് ചക്രവാഹനങ്ങളുടെ ബോഡി ഭാഗങ്ങൾ, പിൻഗ്ലാസ്, ഉറപ്പിച്ചിട്ടുള്ള പിൻവശത്തെ സൈഡ് ഗ്ലാസ് എന്നിവിടങ്ങളിൽ നിബന്ധനകൾ പാലിച്ച് അലങ്കാരങ്ങൾ സ്ഥാപിക്കാം. ദേശീയദിനാഘോഷത്തിന്റെ ഭാഗമായി വാഹനങ്ങൾ അലങ്കരിക്കുന്നതിനൊപ്പം റോഡ് സുരക്ഷയും നിയമങ്ങളും ഉറപ്പാക്കണമെന്നാണ് റോയൽ ഒമാൻ പോലീസിന്റെ നിർദേശം.







