സ്നേഹവും സൗഹൃദവും സേവനവും പങ്കുവെച്ച് ഒമാൻ തൃശ്ശൂർ ഓർഗനൈസേഷന്റെ ഓണോത്സവം 2026

ഓണാഘോഷത്തിനൊപ്പം കാരുണ്യത്തിന്റെ കൈത്താങ്ങ്; നിർധന കുടുംബത്തിന് വീട് ഒരുക്കി ഒമാൻ തൃശ്ശൂർ ഓർഗനൈസേഷൻ

മസ്‌കറ്റ്: തൃശ്ശൂരിന്റെ സാംസ്കാരിക പൈതൃകവും മലയാളികളുടെ കൂട്ടായ്മയും ഓണത്തിന്റെ സ്നേഹസന്ദേശവും പ്രവാസമണ്ണിൽ വിളിച്ചോതി ഒമാൻ തൃശ്ശൂർ ഓർഗനൈസേഷൻ സംഘടിപ്പിച്ച ഓണോത്സവം 2026 മസ്‌കറ്റിൽ വർണാഭമായി. മിനിസ്ട്രി ഓഫ് എജ്യുക്കേഷൻ ഓഡിറ്റോറിയത്തിൽ രാവിലെ 11 മുതൽ രാത്രി 9 വരെ നീണ്ടുനിന്ന ആഘോഷത്തിൽ നൂറുകണക്കിന് കുടുംബങ്ങളും വിവിധ പ്രവാസി സംഘടനാ പ്രതിനിധികളും പങ്കെടുത്തു.പ്രശസ്ത സിനിമാതാരവും ഹാസ്യകലാകാരനുമായ ജയരാജ് വാര്യർ ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു. തിരക്കേറിയ ജീവിതസാഹചര്യങ്ങളിൽ സ്നേഹത്തിനും സൗഹൃദത്തിനും മനുഷ്യബന്ധങ്ങൾക്കും കൂടുതൽ പ്രാധാന്യം നൽകണമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.ലുലു ഗ്രൂപ്പ് ഡയറക്ടർ ഷബീർ കെ.എ. വിശിഷ്ടാതിഥിയായി പങ്കെടുത്തു. ഓണം സ്നേഹത്തിന്റെയും കരുതലിന്റെയും പങ്കുവെക്കലിന്റെയും സന്ദേശമാണെന്നും പ്രവാസലോകത്ത് മലയാളികളുടെ സാംസ്കാരിക പൈതൃകം നിലനിർത്തുന്ന സംഘടനയുടെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും അദ്ദേഹം പറഞ്ഞു. സംഘടനയുടെ രക്ഷാധികാരി ഇ.എം. ബദ്റുദ്ദീൻ സാമൂഹിക സേവന പ്രവർത്തനങ്ങൾ വിശദീകരിച്ചു.

ഒരു നിർധന കുടുംബത്തിന് വീട് നിർമ്മിച്ചുനൽകാൻ സംഘടനയ്ക്ക് സാധിച്ചത് മാതൃകാപരമായ കാര്യമാണെന്നും ഇത്തരം കാരുണ്യപ്രവർത്തനങ്ങൾ കൂടുതൽ വ്യാപിപ്പിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.പ്രസിഡന്റ് നസീർ തിരുവത്രയുടെ അധ്യക്ഷതയിൽ നടന്ന സാംസ്കാരിക സമ്മേളനത്തിൽ സെക്രട്ടറി അഷ്റഫ് വാടാനപ്പള്ളി സ്വാഗതവും അബ്ദുൽ ഖാദർ നന്ദിയും പറഞ്ഞു. സിദ്ധീഖ് കിഴിങ്ങര, നജീബ് കെ. മൊയ്തീൻ എന്നിവർ ആശംസകൾ നേർന്നു. സ്നേഹം, സൗഹൃദം, സേവനം, സന്തോഷം എന്നീ മൂല്യങ്ങൾ മുൻനിർത്തിയാണ് സംഘടനയുടെ പ്രവർത്തനങ്ങളെന്ന് പ്രസിഡന്റ് വ്യക്തമാക്കി. മസ്കറ്റ് പഞ്ചവാദ്യം സംഘത്തിന്റെ നേതൃത്വത്തിൽ അരങ്ങേറിയ പഞ്ചവാദ്യം ആഘോഷത്തിന് കേരളീയ ഉത്സവാന്തരീക്ഷം പകർന്നു. കേരളത്തിൽ നിന്നെത്തിയ കലാകാരന്മാരുടെ വിവിധ കലാപരിപാടികളും മെന്റലിസ്റ്റിന്റെ വിസ്മയ പ്രകടനങ്ങളും ആഘോഷത്തിന് മാറ്റുകൂട്ടി. പരമ്പരാഗത ഓണസദ്യയും കലാപരിപാടികളും കുടുംബസംഗമവും ഉൾപ്പെട്ട ആഘോഷം എല്ലാ പ്രായക്കാർക്കും ആസ്വാദ്യകരമായി.പ്രോഗ്രാം കോർഡിനേറ്റർ മഹേഷിന്റെ നേതൃത്വത്തിൽ വിവിധ ഭാരവാഹികളും എക്സിക്യൂട്ടീവ് അംഗങ്ങളും വളണ്ടിയർമാരും പരിപാടികളുടെ ഏകോപനത്തിനായി പ്രവർത്തിച്ചു.പ്രവാസജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ കുടുംബങ്ങളെ ഒരുമിപ്പിക്കുകയും സൗഹൃദങ്ങൾ പുതുക്കുകയും പുതുതലമുറയ്ക്ക് കേരളത്തിന്റെ സാംസ്കാരിക പൈതൃകം പരിചയപ്പെടുത്തുകയും ചെയ്ത ഓണോത്സവം 2026, ഒമാനിലെ തൃശ്ശൂർക്കാരുടെ ഐക്യത്തിന്റെയും സാമൂഹിക പ്രതിബദ്ധതയുടെയും ശ്രദ്ധേയമായ ആഘോഷമായി മാറി.