
മനാമ: ഇലക്ട്രോണിക് മാലിന്യങ്ങൾ കുറയ്ക്കുന്നതിന്റെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും പ്രാധാന്യം ഉയർത്തിക്കാട്ടി ഇന്ത്യൻ സ്കൂൾ ബഹ്റൈനിലെ (ISB) വിദ്യാർഥികളുടെ നേതൃത്വത്തിൽ ബോധവത്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു. സ്കൂളിന്റെ ഇക്കോ വാരിയേഴ്സ് പദ്ധതിയുടെ ഭാഗമായി നടത്തിയ പരിപാടിയിൽ 4 മുതൽ 8 വരെ ക്ലാസുകളിലെ വിദ്യാർഥികൾ പങ്കെടുത്തു.’ലെസ് ഇ-വേസ്റ്റ്, മോർ ഗ്രീൻ സ്പേസ്’ എന്ന സന്ദേശവുമായി വിദ്യാർഥികൾ വിവിധ ക്ലാസ് മുറികളിലും അധ്യാപകരുടെ സ്റ്റാഫ് റൂമുകളിലും സന്ദർശനം നടത്തി. ഇലക്ട്രോണിക് ഉപകരണങ്ങൾ അശാസ്ത്രീയമായി ഉപേക്ഷിക്കുന്നതുമൂലം പരിസ്ഥിതിക്കുണ്ടാകുന്ന ദോഷങ്ങളെക്കുറിച്ചും ഇ-മാലിന്യങ്ങൾ ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ബോധവത്കരണം നടത്തി.യുനെസ്കോയുമായി സഹകരിക്കുന്ന സ്കൂൾ എന്ന നിലയിൽ പരിസ്ഥിതി സംരക്ഷണം, സുസ്ഥിര വികസനം, സാമൂഹിക ഉത്തരവാദിത്തം എന്നിവയ്ക്ക് ഇന്ത്യൻ സ്കൂൾ പ്രത്യേക പ്രാധാന്യം നൽകുന്നുണ്ട്. വൃക്ഷത്തൈ നടീൽ, പ്ലാസ്റ്റിക് രഹിത ക്യാമ്പസ്, മാലിന്യങ്ങളുടെ വേർതിരിക്കലും പുനരുപയോഗവും, ജല-ഊർജ സംരക്ഷണം, ശുചീകരണ പ്രവർത്തനങ്ങൾ, ജൈവവൈവിധ്യ സംരക്ഷണം തുടങ്ങിയ പ്രവർത്തനങ്ങളും ഇക്കോ വാരിയേഴ്സ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്നുണ്ട്.
അധ്യാപകരായ ഹർഷലത അനിരുദ്ധൻ, പ്രിൻസി തുഷാർ, ദിവ്യ ഷിബിൻ ദാസ് എന്നിവരുടെ മാർഗനിർദേശത്തിലായിരുന്നു ക്യാമ്പയിൻ. വിദ്യാർഥികളുടെയും അധ്യാപകരുടെയും പ്രവർത്തനങ്ങളെ ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വർഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, അസിസ്റ്റന്റ് സെക്രട്ടറിയും അക്കാദമിക്സ് അംഗവുമായ രഞ്ജിനി മോഹൻ, പ്രിൻസിപ്പൽ സന്തകുമാർ ദസരി എന്നിവർ അഭിനന്ദിച്ചു.








