
മസ്കത്ത്:ഒമാൻ ദേശീയദിനത്തോടനുബന്ധിച്ച് വൈറ്റ് റോസ് നേഴ്സറിയുടെ ആഭിമുഖ്യത്തിൽ ദേശീയദിനാഘോഷം വർണ്ണാഭമായ പരിപാടികളോടെ സംഘടിപ്പിച്ചു.ദേശീയ പതാകകളും ഒമാന്റെ ദേശീയ നിറങ്ങളും കൊണ്ട് മനോഹരമായി അലങ്കരിച്ച നേഴ്സറി ഹാളിൽ തനത് ഒമാനി വേഷവിധാനങ്ങളണിഞ്ഞാണ് കുട്ടികൾ ആഘോഷപരിപാടികൾക്കായി എത്തിയത്.സ്വന്തം രാജ്യത്തെന്നപോലെ ഒമാനിലും ജീവിക്കാൻ കഴിയുന്നതിൽ ഇവിടുത്തെ ഭരണാധികാരികളോട് എന്നും നന്ദിയുള്ളവരായിരിക്കണമെന്നും, സ്നേഹത്തോടെയും ബഹുമാനത്തോടെയും പെരുമാറുന്ന ഒമാനി സഹോദരങ്ങളോട് തിരിച്ചും സ്നേഹവും ആദരവും പുലർത്തണമെന്നും നേഴ്സറി ഡയറക്ടർ മറിയാമ്മ തോമസ് കുട്ടികളെ അഭിസംബോധന ചെയ്ത് പറഞ്ഞു. രാജ്യത്തിന്റെ അഭിവൃദ്ധിക്കായി പ്രാർത്ഥിക്കുന്നതിനൊപ്പം ഭാവിയിൽ അതിനുവേണ്ടി പ്രവർത്തിക്കാനും കുട്ടികൾ തയ്യാറാകണമെന്നും അവർ ആഹ്വാനം ചെയ്തു.ഒമാന്റെ സമ്പന്നമായ പാരമ്പര്യം, സാംസ്കാരിക പൈതൃകം, ശോഭനമായ ഭാവിക്കായി രാജ്യം നടത്തുന്ന വികസന പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ചും അവർ കുട്ടികളുമായി സംസാരിച്ചു.തുടർന്ന് കുട്ടികൾ അവതരിപ്പിച്ച വിവിധ ഒമാനി നൃത്തങ്ങളും രാജ്യത്തിന്റെ മഹത്വം, ഐക്യം, പൈതൃകം, എളിമ, സാഹോദര്യം എന്നിവ വിളിച്ചോതുന്ന സംഘഗാനങ്ങളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തും സന്തോഷം പങ്കിട്ടതോടെ പരിപാടികൾ ഉത്സവാന്തരീക്ഷത്തിൽ സമാപിച്ചു.അധ്യാപികമാരായ ഷാന, നീതു, ജിഷ എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടികളെ ആഘോഷപരിപാടികൾക്കായി പരിശീലിപ്പിച്ചത്.







