
മനാമ : ബഹ്റൈനിൽ വിദേശ തൊഴിലാളികൾക്ക് തൊഴിൽ വിസ അനുവദിക്കുന്നതിന് മുമ്പ് തൊഴിലുടമകൾ അനുയോജ്യമായ താമസസൗകര്യം ഉറപ്പാക്കണമെന്ന് എം.പി. ജലാൽ കാദിം ആവശ്യപ്പെട്ടു. 10 മുതൽ 15 പേർക്ക് മാത്രം താമസിക്കാവുന്ന ഒരു വീട്ടിൽ 60-ലധികം തൊഴിലാളികളെ തിങ്ങിപ്പാർപ്പിച്ച സംഭവങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് നിർദേശം.തൊഴിലാളികൾ ബഹ്റൈനിലെത്തുന്നതിന് മുമ്പുതന്നെ തൊഴിൽ വിസയും തിരിച്ചറിയൽ കാർഡും താമസകരാറുമായി ബന്ധിപ്പിക്കണമെന്നും തൊഴിലാളികൾ എവിടെയാണ് താമസിക്കുന്നതെന്നതിന്റെ പൂർണ ഉത്തരവാദിത്തം തൊഴിലുടമകൾക്കായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. താമസത്തിനുള്ള പണം നൽകി തൊഴിലാളികളെ സ്വന്തം നിലയിൽ താമസസ്ഥലം കണ്ടെത്താൻ വിടുന്നത് അമിതമായ താമസസാന്ദ്രത വർധിപ്പിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. താമസസൗകര്യം, ആരോഗ്യ ഇൻഷുറൻസ്, അടിസ്ഥാന സേവനങ്ങൾ എന്നിവ തൊഴിലുടമകൾ ഉറപ്പാക്കണം.
കുടുംബങ്ങൾ താമസിക്കുന്ന മേഖലകളിലെ പങ്കിട്ട താമസസ്ഥലങ്ങളിൽ മാത്രമല്ല പ്രശ്നമെന്നും തൊഴിലാളികളുടെ തിരിച്ചറിയൽ കാർഡുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലാസവും അവർ യഥാർത്ഥത്തിൽ താമസിക്കുന്ന സ്ഥലവും തമ്മിൽ വ്യത്യാസമുണ്ടെന്നും ജലാൽ കാദിം പറഞ്ഞു. ഇത് ആവശ്യമായ സമയങ്ങളിൽ തൊഴിലാളികളെ കണ്ടെത്തുന്നതിനും അവരുടെ താമസസ്ഥലം സ്ഥിരീകരിക്കുന്നതിനും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.പഴയതും ജീർണിച്ചതുമായ കെട്ടിടങ്ങളിൽ നിരവധി തൊഴിലാളികളെ ഒരുമിച്ച് താമസിപ്പിക്കുന്നതായും വില്ലകളും റെസിഡൻഷ്യൽ കോംപൗണ്ടുകളും ഉയർന്ന വാടകയ്ക്ക് നൽകി കൂടുതൽ തൊഴിലാളികളെ പാർപ്പിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം അമിതമായ താമസസാന്ദ്രത തീപിടിത്തം ഉൾപ്പെടെയുള്ള അപകടങ്ങൾക്ക് കാരണമാകാമെന്നും മുന്നറിയിപ്പ് നൽകി.വിദേശ തൊഴിലാളികളുടെ അവകാശങ്ങൾ നിഷേധിക്കുകയല്ല നിർദേശങ്ങളുടെ ലക്ഷ്യമെന്നും അവർക്ക് മാന്യമായ താമസസൗകര്യം ഉറപ്പാക്കുന്നതിനൊപ്പം കുടുംബങ്ങളുടെ സുരക്ഷയും സ്വകാര്യതയും സംരക്ഷിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.തൊഴിലാളികൾക്കായി പ്രത്യേക താമസകേന്ദ്രങ്ങൾ ഒരുക്കുന്നതിന് സുന്നി, ജാഫരി എൻഡോവ്മെന്റുകളുടെയും മുനിസിപ്പാലിറ്റികളുടെയും കൈവശമുള്ള ഭൂമി പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സർക്കാർ മേൽനോട്ടത്തിൽ അടിസ്ഥാന സൗകര്യങ്ങളും ശുചിത്വ സംവിധാനങ്ങളും ഉൾപ്പെടെയുള്ള സൗകര്യങ്ങളോടെ ഇത്തരം താമസകേന്ദ്രങ്ങൾ ഒരുക്കണമെന്നാണ് നിർദേശം.ആഭ്യന്തര മന്ത്രാലയം, ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA), തൊഴിൽ മന്ത്രാലയം, മുനിസിപ്പൽ അധികൃതർ, വ്യവസായ വാണിജ്യ മന്ത്രാലയം എന്നിവ ഉൾപ്പെടുന്ന സംയുക്ത സമിതി തൊഴിലാളികളുടെ താമസസൗകര്യങ്ങളുടെ മേൽനോട്ടത്തിൽ കൂടുതൽ സജീവമാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.വ്യക്തമായ നിയമങ്ങളും കൃത്യമായ പരിശോധനകളും നിയമലംഘനങ്ങൾക്കെതിരായ ശക്തമായ നടപടികളും ഉണ്ടെങ്കിൽ മാത്രമേ തൊഴിലാളികൾക്ക് സുരക്ഷിതമായ താമസസൗകര്യം ഉറപ്പാക്കാനും കുടുംബമേഖലകളുടെ സ്വഭാവം സംരക്ഷിക്കാനും കഴിയൂവെന്നും എം.പി. കൂട്ടിച്ചേർത്തു.







