ലണ്ടനിലെ ബ്രിട്ടീഷ് ഹോം സ്‌റ്റോഴ്‌സ് അടച്ചുപൂട്ടി

ലണ്ടൻ: മാനെജ്‌മെന്റുകളുടെ പിടിപ്പുകേട് മൂലം 11,000 പേര്‍ പെരുവഴിയിൽ . രാജ്യത്തെ പ്രമുഖ റീട്ടെയ്ല്‍ ശൃംഖലയായ ബ്രിട്ടീഷ് ഹോം സ്‌റ്റോഴ്‌സ് (ബിഎച്ച്എസ്) അടച്ചുപൂട്ടി. കഴിഞ്ഞ ദിവസം 22 സ്റ്റോറുകളാണ് ഇവര്‍ അടച്ചത്. ഇതോടെ രാജ്യത്തെ 164 സ്‌റ്റോറുകളാണ് നഷ്ടത്തിന്റെ പേരില്‍ അടച്ചുപൂട്ടിയത്. ഇതുവഴി 11,000 പേര്‍ക്കാണ് ജോലി നഷ്ടമായത്. ഒരു കാലത്ത് ബ്രിട്ടീഷ് ഹൈ സ്ട്രീറ്റുകളിലെ മുഖ്യ ആകര്‍ഷണമായിരുന്ന ഈ സ്‌റ്റോറുകള്‍ പിന്നീട് നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു. അടച്ചുപൂട്ടലിന്റെ ഭാഗമായി 22 സ്റ്റോറുകളില്‍ ഉണ്ടായിരുന്ന സാധനങ്ങള്‍ വന്‍ വിലക്കുറവില്‍ വിറ്റഴിക്കുകയായിരുന്നു. 80 ശതമാനം വിലക്കുറവിലായിരുന്നു വില്‍പ്പന. ഇതേത്തുടര്‍ന്ന് വന്‍ തിരക്കാണ് മിക്ക കടകളിലും അനുഭവപ്പെട്ടത്. ഏതായാലും വൈകുന്നേരം ആയപ്പോഴേക്കും മിക്ക കടകളും കാലിയായി. ഇതോടെ അടച്ചുപൂട്ടല്‍ സുഗമമായി നടന്നു.മാനെജ്‌മെന്റിന്റെ പിടിപ്പുകേടുമൂലം നഷ്ടത്തിലായ കമ്പനി കഴിഞ്ഞ മാർച്ചു മുതല്‍ അഡ്മിനിസ്‌ട്രേറ്റർ ഭരണത്തിലായിരുന്നു. ഇവര്‍ ചില സ്റ്റോറുകളെങ്കിലും വില്‍ക്കാന്‍ ശ്രമിച്ചെങ്കിലും ആരും ഏറ്റെടുക്കാന്‍ തയാറായിരുന്നില്ല. ഇതേത്തുടര്‍ന്നാണ് എല്ലാ സ്റ്റോറുകളും അടച്ചുപൂട്ടാന്‍ തീരുമാനിച്ചത്. അമേരിക്കൻ കമ്പനിയുടെ ഉടമസ്ഥതയിലുള്ള കമ്പനി 1928 ലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. വസ്ത്രങ്ങളും വീട്ടുപകരണങ്ങളും മറ്റു നിത്യോപയോഗസാധനങ്ങളുമായിരുന്നു വില്‍പ്പന. സൗത്ത് ലണ്ടനിലെ ബ്രിക്സ്റ്റണിലായിരുന്നു ആദ്യ സ്റ്റോർ ശൃംഖല വിപുലമായതോടെ ഫര്‍ണിച്ചര്‍, ഇലക്ട്രോണിക്‌സ്, എന്റര്‍ടെയ്ന്‍മെന്റ് വിഭാഗങ്ങളിലേക്കും സ്റ്റോറുകള്‍ വിപുലീകരിച്ചു. പെര്‍ഫ്യൂം, സൗന്ദര്യവര്‍ധക വസ്തുക്കള്‍ എന്നിവയ്ക്കു മാത്രമായും ചിലയിടങ്ങളില്‍ സ്റ്റോറുകള്‍ തുറന്നു. ഒരു ഘട്ടത്തില്‍ യുകെയില്‍ മാത്രം 164 സ്റ്റോറുകളും 74 ഇന്റര്‍നാഷണല്‍ സ്റ്റോറുകളുമായി കമ്പനി വളര്‍ന്നു. 2000ല്‍ റീട്ടെയ്ല്‍ വ്യവസായരംഗത്തെ അതികായനായ സര്‍ ഫിലിപ്പ് ഗ്രീന്‍ എന്ന വ്യവസായി കമ്പനി ഏറ്റെടുത്തു. ഇതോടെ കമ്പനികളുടെ കഷ്ടകാലം ആരംഭിച്ചു. മാനെജ്‌മെന്റ് മാറിയതോടെ കമ്പനി നഷ്ടത്തിലായി. ജീവനക്കാരുടെ പെന്‍ഷന്‍ പദ്ധതിയുള്‍പ്പെടെ താറുമാറായി. 2009 മുതല്‍ കമ്പനി നഷ്ടത്തിലായി. 2015ല്‍ സര്‍ക്കാര്‍ ഇടപെടലോടെ അഡ്മിനിസ്‌ട്രേഷന്‍ ഭരണത്തിലായി. മാര്‍ച്ച് മുതല്‍ വില്‍പനയ്ക്കു വച്ച കമ്പനി ആരും ഏറ്റെടുക്കാന്‍ എത്തിയില്ല. കഴിഞ്ഞ ദിവസം 22 സ്റ്റോറുകള്‍ കൂടി പൂട്ടിയതോടെ 88 വര്‍ഷത്തെ കച്ചവട പാരബര്യം അവസാനിച്ചു.

bri