ബക്കിംഗ്ഹാം കൊട്ടാരത്തില്‍ ജോലി ഒഴിവ്, മികച്ച ആനുകൂല്യങ്ങള്‍

31831ലണ്ടന്‍ : എലിസബത്ത് രാജ്ഞി താമസിക്കുന്ന ബക്കിംഗ്ഹാം കൊട്ടാരത്തില്‍ ജോലിക്കാരന്റെ ഒഴിവുണ്ട്. കൊട്ടാരത്തിന്റെ വെബ്‌സൈറ്റിലാണ് ഈ ജീവനക്കാരെ ആവശ്യപ്പെട്ട് പരസ്യം നല്‍കിയിരിക്കുന്നത്. സെപ്റ്റംബര്‍ 18 ആണ് അവസാന തീയതി. ആഴ്ചയില്‍ അഞ്ചു ദിവസം മാത്രമാണ് ജോലിയുള്ളത്. ഈ മേഖലയില്‍ ജോലി ചെയ്ത് പരിചയമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. അതേസമയം, പരിചയസമ്പത്ത് നിര്‍ബന്ധമില്ല. മികച്ച ആശയപാടവം ജീവനക്കാര്‍ക്ക് ഉണ്ടായിരിക്കണം. ഏതു സാഹചര്യവും നേരിടാന്‍ ഇത് അത്യാവശ്യമാണെന്ന് പരസ്യത്തില്‍ പറയുന്നു. താത്പര്യമുള്ളവര്‍ എത്രയും വേഗം അപേക്ഷിക്കണമെന്നും പരസ്യത്തില്‍ വ്യക്തമാക്കുന്നു.

കൊട്ടാരത്തിലെ പൂപ്പാത്രങ്ങള്‍, പുരാതന ചിത്രങ്ങള്‍ തുടങ്ങിയ വിലപിടിപ്പുള്ള വസ്തുക്കള്‍, ചരിത്രസ്മാരകങ്ങള്‍ എന്നിവ വൃത്തിയോടെ സൂക്ഷിക്കുക. കൂടാതെ പരവതാനി, ഫര്‍ണീച്ചറുകള്‍ എന്നിവ വൃത്തിയാക്കുക. കൊട്ടാരത്തില്‍ എത്തുന്ന അതിഥികളെ സത്കരിക്കുക, ഇവര്‍ക്ക് ആവശ്യമായത് എത്തിക്കുക തുടങ്ങിയവയാണ് ജോലി

വര്‍ഷം 33 ദിവസം അവധി, ഭക്ഷണം, താമസം, പരിശീലനം, പെന്‍ഷന്‍, വിനോദം എല്ലാം ഉണ്ടാവും. ആകര്‍ഷകമായ ശമ്പളം എന്നാണു പറഞ്ഞിരിക്കുന്നത്. മുന്‍കാലങ്ങളില്‍ ഇവിടേക്ക് തെരഞ്ഞെടുക്കുന്ന ജോലിക്കാര്‍ക്ക് 14,000 പൗണ്ടായിരുന്നു വാര്‍ഷിക ശമ്പളം. അതിലും കൂടിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. പങ്കാളിത്ത പെന്‍ഷന്‍ ആയതിനാല്‍ ശമ്പളത്തിന്റെ 15 ശതമാനം അതിലേക്ക് പോകുമെന്നു മാത്രം.