ശിവപ്രസാദിന്റെ മരണം ലണ്ടന്‍ മലയാളികള്‍ക്ക് ഞെട്ടലാകുന്നു.

sivaprasdലണ്ടന്‍: തിരുവനന്തപുരം സ്വദേശി ശിവപ്രസാദിന്റെ മരണം ലണ്ടന്‍ മലയാളികള്‍ക്കു ഞെട്ടലാകുന്നു. ഒറ്റയ്ക്കു താമസിച്ചിരുന്ന ശിവപ്രസാദിന്റെ മരണവിവരം പുറംലോകം അറിയുന്നതിനു ദിവസങ്ങള്‍ മുമ്പുതന്നെ ജീവന്‍ പൊലിഞ്ഞിരുന്നതായി സൂചന. ലണ്ടന്‍ ടവര്‍ ബ്രിഡ്ജ് ഹോട്ടല്‍ ജീവനക്കാരനായിരുന്ന ശിവപ്രസാദിന്റെ ഒറ്റയ്ക്കുള്ള താമസവും അധികം സുഹൃത്തുക്കളില്ലാതിരുന്നതും സംഭവം പുറംലോകം അറിയാന്‍ വൈകുന്നതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

കഴിഞ്ഞമാസം 19 നാണ് ശിവപ്രസാദ് അവസാനമായി നാട്ടിലേക്കു വിളിച്ചതെന്നാണ് സൂചന. ഇതിന് ഒരുദിവസം മുമ്പാണ് അവസാനമായി ജോലിക്കു കയറിയത്. അതിനുശേഷം മറ്റുള്ളവരുമായി ബന്ധം പുലര്‍ത്താതിരുന്ന സാഹചര്യത്തില്‍ മരണം നടന്നിട്ട് ദിവസങ്ങള്‍ കഴിഞ്ഞെന്ന അനുമാനത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. അസ്വാഭാവിക മരണമെന്ന നിലയിലാണ് പോലീസ് അനന്തര നടപടികള്‍ സ്വീകരിക്കുന്നത്. അതിനാല്‍ത്തന്നെ മൃതദേഹം വിട്ടുകിട്ടുന്നതുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്നാണ് അനുമാനിക്കപ്പെടുന്നത്.

സംഭവത്തെപ്പറ്റി പോലീസിന്റെ പ്രാഥമിക അന്വേഷണം പുരോഗമിക്കുകയാണ്. ശിവപ്രസാദ് ജോലി ചെയ്തിരുന്ന ഹോട്ടല്‍ അധികൃതരുമായും മറ്റും പോലീസ് ആശയവിനിമയം നടത്തുന്നുണ്ട്. ശിവപ്രസാദിന്റെ അയല്‍ക്കാരോടും വിവരങ്ങള്‍ ആരാഞ്ഞേക്കാമെന്നാണ് സൂചന. പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടികള്‍ക്കുശേഷം മാത്രമേ മരണകാരണം സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമാക്കാന്‍ കഴിയുയെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്.