അറബ് സഞ്ചാരികളെ ലക്ഷ്യമിട്ട് ഗള്‍ഫ് രാജ്യങ്ങളില്‍ ‘എക്‌പ്ലോര്‍ കേരള’

cm-kerala-2.jpg.image.784.410തിരുവനന്തപുരം∙ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും അറബ് സഞ്ചാരികളെ കേരളത്തിലേക്ക് കൂടുതലായിആകര്‍ഷിക്കുന്നതിനായി സംസ്ഥാന ടൂറിസം വകുപ്പ്, ലുലു ഗ്രുപ്പ് എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ ജിസിസി രാജ്യങ്ങളില്‍ ”എക്‌സ്പ്ലോര്‍ കേരള” സംഘടിപ്പിക്കുന്നു. ഇതിന്റെ ആദ്യപടിയായി അബുദാബിയിലെ പ്രമുഖ ഷോപ്പിങ് കേന്ദ്രമായ മുഷ്‌റിഫ് മാളില്‍ ഫെബ്രവരി 22 മുതല്‍ 25 വരെയാണ് പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്. ദുബായിലെ ഇന്ത്യ ടൂറിസം ഓഫീസ്, ടൂറിസം ഇന്ത്യ, ബ്രാന്‍ഡ് കേരള മാഗസിന്‍ എന്നിവരും നാലു ദിവസത്തെ എക്‌സ്‌പോയില്‍ പങ്കാളികളാണ്.

എക്‌സ് പ്ലോര്‍ കേരളയുടെ ലോഗോ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയന്‍ ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ്ഡയറക്ടര്‍ എം.എ. അഷ്‌റഫ് അലിക്ക് നല്‍കി നിര്‍വ്വഹിച്ചു. ചീഫ് കമ്യൂണിക്കേഷന്‍ ഓഫീസര്‍ നന്ദകുമാര്‍, മീഡിയ സെക്രട്ടറി ബിജു കൊട്ടാരത്തില്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

കേരളത്തിലെ ഹോട്ടല്‍, ആയുര്‍വേദ രംഗത്തെ പ്രമുഖര്‍ എക്‌സ്‌പോയില്‍ പങ്കെടുക്കും. അറബ് സഞ്ചാരികള്‍ക്ക് കേരളത്തിന്റെ പ്രകൃതി മനോഹാരിതയെപ്പറ്റിയും തനത് കലാരൂപങ്ങളെപ്പറ്റിയും കൂടുതല്‍ അറിയുന്നതിന് മേള സഹായകരമാകും. എല്ലാ വിഭാഗക്കാരെയും ആകര്‍ഷിക്കുന്ന വിവിധ ടൂര്‍ പാക്കേജുകള്‍ എക്‌സ്‌പോയുടെ പ്രത്യേകതയാണ്. മേള നടക്കുന്ന ദിവസങ്ങളില്‍ കേരളത്തിന്റെ തനതു കലാ രൂപങ്ങളായ കഥകളി, തെയ്യം, മോഹിനിയാട്ടം, തായമ്പക തുടങ്ങിയവയുടെ പ്രദര്‍ശനവും ഉണ്ടായിരിക്കും. കേരളത്തിന്റെ നാടന്‍ ഭക്ഷ്യവിഭവങ്ങളുള്‍പ്പെടുന്ന കേരള ഫുഡ് ഫെസ്റ്റിവലും ഇതിനോടനുബന്ധിച്ച് നടത്തുന്നുണ്ട്.

പൊതു സ്വകാര്യ മേഖലകള്‍ തമ്മിലുള്ള ഇത്തരം കൂട്ടായ പ്രവര്‍ത്തനങ്ങള്‍സംസ്ഥാനത്തെ ടൂറിസം മേഖലയ്ക്ക് കൂടുതല്‍ ഉണര്‍വേകുമെന്നും ടൂറിസം മന്ത്രി കടകമ്പള്ളി സുരേന്ദ്രന്‍ പറഞ്ഞു. സൗദി അറേബ്യ, യു.എ.ഇ. എന്നീ രാജ്യങ്ങളില്‍ നിന്നാണ് കൂടുതലായി സഞ്ചാരികള്‍ കേരളത്തിലെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ടൂറിസം വകുപ്പുമായി സഹകരിച്ച് ഗള്‍ഫ് രാജ്യങ്ങളിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകള്‍, ഷോപ്പിംഗ് മാളുകള്‍ എന്നിവ കേന്ദ്രീകരിച്ച് ടൂറിസം എക്‌സ്‌പോ തുടര്‍ന്നും സംഘടിപ്പിക്കുമെന്നും ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ്ഡയറക്ടര്‍ എം.എ. അഷ്‌റഫ് അലി പറഞ്ഞു.

അബുദാബി ടൂറിസം അതോറിട്ടി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സുല്‍ത്താന്‍ മുത്തവ അല്‍ ദാഹിരി എക്‌സ്‌പോ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. യു.എ.ഇ.യിലെ ഇന്ത്യന്‍ സ്ഥാനപതി നവദീപ് സൂരി, എത്തിഹാദ് എയര്‍വേയ് സീനിയര്‍ വൈസ് പ്രസിഡന്റ് ഹാരിബ് അല്‍ മുഹൈരി, ഇന്ത്യ ടൂറിസം ഡയറക്ടര്‍ ഐ.ആര്‍.വി. റാവു, എന്നിവരും സംബന്ധിക്കും.