കേസിൽ കുടുക്കിയതെന്ന് പൾസർ സുനി; മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിൽ

pulsar-suni-actress-attack.jpg.image.784.410കൊച്ചി∙ പ്രമുഖ ചലച്ചിത്ര നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിൽ. സംഭവത്തിൽ നിരപരാധിയാണ്. നിരപരാധിത്വം തെളിയിക്കാൻ അവസരം നൽകണം. കേസിൽ കുടുക്കിയതാണ്. തനിക്ക് നീതി ലഭ്യമാക്കണമെന്നും ജാമ്യാപേക്ഷയിൽ പറയുന്നു. കൂട്ടുപ്രതികളായ വിജീഷ്, മണികണ്ഠൻ എന്നിവരും കോടതിയെ സമീപിച്ചിട്ടുണ്ട്. ഇവരുടെ ജാമ്യാപേക്ഷ കോടതി ചൊവ്വാഴ്ച പരിഗണിക്കും.

അതേസമയം, പൾസർ സുനിയടക്കമുള്ള പ്രതികൾ നേരിട്ടെത്തിയാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയതെന്ന് അഭിഭാഷകൻ പറഞ്ഞു. നടി ആക്രമിക്കപ്പെട്ട 18ന് രാത്രിയാണ് ഇവർ എത്തിയത്. വിജീഷിന്റെ പാസ്പോർട്ട്, മൊബൈൽ ഫോൺ, തിരിച്ചറിയൽ കാർഡ്, പഴ്സ് എന്നിവ ഏൽപ്പിച്ചിരുന്നു. ഇവ മജിസ്ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കിയിട്ടുണ്ട്. കേസ് അന്വേഷണത്തെ യാതൊരു വിധത്തിലും തടസ്സപ്പെടുത്തരുതെന്നു കരുതിയാണ് രേഖകൾ കോടതിയിൽ നൽകിയത്. ഇവ ആവശ്യപ്പെട്ട് പൊലീസ് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. കക്ഷികൾ കേസു തരുമ്പോൾ വാദിക്കുന്നത് അഭിഭാഷകന്റെ ജോലിയാണ്. നിയമസഹായം പ്രതികളുടെയും മൗലികാവകാശമാണ്. അതു നടപ്പാക്കുക മാത്രമാണ് ഞങ്ങൾ‌ ചെയ്യുന്നത്. കേസ് അന്വേഷണത്തിന് ഒരു തരത്തിലും തടസ്സമാകില്ലെന്നും അഭിഭാഷകൻ പറഞ്ഞു.

പൾസർ സുനിയെ രക്ഷപ്പെടാൻ സഹായിച്ച അമ്പലപ്പുഴ കക്കാഴം സ്വദേശി അൻവറിനെ പൊലീസ് പിടികൂടിയിട്ടുണ്ട്. ഇയാളെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. അമ്പലപ്പുഴ കാക്കാഴത്തുനിന്നാണ് സുനി തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. സംഭവം നടന്ന് രണ്ടു ദിവസം പിന്നിടുമ്പോള്‍ പൾസർ സുനിക്കായി അന്വേഷണം ഊർജിതമാക്കിയിരിക്കുയാണ് പൊലീസ്. പള്‍സര്‍ സുനി കേരളം വിട്ടുപോയിട്ടില്ലെന്ന നിഗമനത്തിലാണ് ഇപ്പോഴും അന്വേഷണം മുന്നോട്ടു പോകുന്നത്.

സുനിയെ ഒളിവില്‍ പോകാന്‍ സഹായിച്ചതിന്‍റെ പേരില്‍ കസ്റ്റഡിയിലായ മറ്റ് ആറു പേര്‍കൂടി കേസില്‍ പ്രതികളാകുമെന്നാണ് സൂചന. നടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ പള്‍സര്‍ സുനിയുടെ പങ്ക് അറിഞ്ഞ നിമിഷം മുതല്‍ ഇയാള്‍ക്കു വേണ്ടിയുളള അന്വേഷണം പൊലീസ് തുടങ്ങിയിരുന്നു. സംഭവം പുറത്തറിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ എറണാകുളം പനമ്പിളളി നഗര്‍ പരിസരത്തു സുനിയുണ്ടായിരുന്നെന്നാണു മൊബൈല്‍ ഫോണ്‍ വിവരങ്ങളില്‍നിന്നു പൊലീസിനു ലഭിച്ച വിവരം. പിന്നീട് ഓഫായ ഇയാളുടെ ഫോണ്‍ ഓണ്‍ ചെയ്യപ്പെട്ടിട്ടേയില്ല. കേസിലെ മറ്റു രണ്ടു പ്രതികളായ വിജേഷ്, മണികണ്ഠന്‍ എന്നിവര്‍ക്കൊപ്പം ഒരു വാഹനത്തിലാണു സുനി രക്ഷപ്പെട്ടതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൊച്ചി സ്വദേശിയായ നെല്‍സണ്‍ എന്നയാള്‍ സംഘടിപ്പിച്ചു നല്‍കിയ ഓട്ടോറിക്ഷയിലായിരുന്നു ഈ യാത്ര. അമ്പലപ്പുഴ കാക്കാഴത്തെത്തിയ ഈ സംഘം കാക്കാഴം സ്വദേശിയായ യുവാവില്‍നിന്നു പണം വാങ്ങി. ഈ പണവുമായാണു രക്ഷപ്പെട്ടത്.

എന്നാല്‍ 10,000 രൂപയില്‍ താഴെ മാത്രമാണ് സംഘത്തിനു സംഘടിപ്പിക്കാനായത്. അതുകൊണ്ടുതന്നെ പ്രതികള്‍ ഏറെ ദൂരം പോയിരിക്കാന്‍ ഇടയില്ലെന്ന പൊലീസ് നിഗമനത്തിന്‍റെ അടിസ്ഥാനവും ഇതാണ്. സുനിയുടെ അടുപ്പക്കാരായ ചില സ്ഥിരം കുറ്റവാളികളെ ചോദ്യം ചെയ്തതില്‍നിന്നു കേരളത്തില്‍ സുനി ഒളിവില്‍ കഴിയാന്‍ ഇടയുളള കേന്ദ്രങ്ങളെ കുറിച്ചു പൊലീസ് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഈ വിവരങ്ങള്‍ ചുറ്റിപ്പറ്റിയാണ് ഇപ്പോഴത്തെ അന്വേഷണം. നെല്‍സണും സുനിക്ക് പണം നല്‍കി സഹായിച്ച അമ്പലപ്പുഴ കാക്കാഴം സ്വദേശിയായ യുവാവുമടക്കം ആറു പേര്‍ കൂടി കേസില്‍ പ്രതികളാകുമെന്നും പൊലീസ് അറിയിച്ചു.