ഷെബിന്റെ മരണം: ബന്ധുക്കൾ ആശങ്കയിൽ

shebin-family.jpg.image.784.410sസലാല/പെരുമ്പാവൂർ ∙ ഒമാനിലെ സലാലയിൽ താമസ സ്ഥലത്ത് കൊല്ലപ്പെട്ട മലയാളി നഴ്സിനെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കാതെ ബന്ധുക്കൾ ആശങ്കയിൽ. ഇന്നു പോസ്റ്റ്മോർട്ടം നടക്കുമെന്നു മാധ്യമങ്ങളിലൂടെ ലഭിച്ച വിവരം മാത്രമാണ് ഇവർക്കുള്ളത്.

ഇടുക്കി മുരിക്കാശേരി മൊളഞ്ഞനാലിൽ ജീവന്റെ ഭാര്യയും അ‌ടിമാലി തൂക്കുപാലം പൂവത്തുംകുഴി പി.എം. തമ്പിയുടെ മകളുമായ ഷെബിൻ (29) ആണ് മരിച്ചത്. വിവിധ തലങ്ങളിൽ ബന്ധുക്കൾ വിവരങ്ങൾ ലഭിക്കാൻ അന്വേഷണം നടത്തുന്നുണ്ട്. മുഖ്യമന്ത്രി, എംപിമാർ എന്നിവരുമായി ബന്ധപ്പെട്ടു മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമമാണു നടത്തുന്നത്.

ഷെബിന്റെ ഭർത്താവ് ജീവൻ സെബാസ്റ്റ്യൻ പൊലീസ് കസ്റ്റഡിയിലാണെന്നാണു ബന്ധുക്കൾക്കു ലഭിച്ച വിവരം. പെരുമ്പാവൂർ കാവുംപുറത്താണു ഷെബിന്റെ മാതാപിക്കൾ താമസിക്കുന്നത്. ഇൻഫോപാർക്കിൽ ജീവനക്കാരായ സഹോദരിമാരും ഇവിടെയാണ്. ഒട്ടേറെപ്പേർ ഇവിടെയെത്തി ഇവരെ ആശ്വസിപ്പിക്കുന്നുണ്ട്.