വ്യാജ അസുഖ അവധി :കര്‍ശന നടപടിയുണ്ടാകുമെന്ന് തൊഴില്‍ മന്ത്രി

കുവൈത്ത് സിറ്റി: ഈദ് അല്‍ ഫിത്തര്‍ അവധി ദിനങ്ങളുടെ തുടര്‍ച്ചയായി ഏകദേശം 31000തൊഴിലാളികള്‍ രണ്ടു ദിവസം കൂടി അസുഖ അവധിയെടുത്തതായി റിപ്പോര്‍ട്ട്. ജോലിയില്‍ നിന്നും അനാവശ്യമായി അവധിയെടുക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഓഫീസിലെത്തുമ്പോള്‍ കീഴ് ജീവനക്കാര്‍ ജോലിയില്‍ പ്രവേശിക്കാതെയിരിക്കുന്നത് വളരെ മോശം പ്രവണതയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.ഇത്തരം വ്യാജ അസുഖ അവധികള്‍ എടുക്കുന്നത് സംബന്ധിച്ച് അന്വേഷണം നടത്താന്‍ പുതിയൊരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളാണ് ഇവര്‍ ഇതിനായി പലപ്പോഴും സമര്‍പ്പിക്കുന്നത്. ഈദ് അല്‍ ഫിത്തറിന് ശേഷം വ്യാജ അസുഖ അവധിയെടുക്കുന്ന പൊതുമേഖല ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സോഷ്യല്‍ അഫയേഴ്‌സ് ആന്‍ഡ് ലേബര്‍ മിനിസറ്റര്‍ ഹിന്ദ് അല്‍ സുബൈഹ് അറിയിച്ചു.ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളിലാണ് ഈദ് അവധി പ്രഖ്യാപിച്ചിരുന്നത്. ആയിരക്കണക്കിന് ജീവനക്കാരാണ് ഇതിന് തുടര്‍ച്ചയായി ബുധന്‍, വ്യാഴം ദിവസങ്ങളില്‍ കൂടി അവധിയെടുത്തത്. ഇതോടെ ഇവര്‍ക്ക് വീക്കെണ്ട് മുതല്‍ ഒമ്പത് ദിവസത്തെ അവധി ലഭിച്ചു.