ബഹ്‌റൈൻ : ഒമാനിൽ നടക്കാനിരിക്കുന്ന ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എ.സി.സി) വെസ്റ്റേൺ റീജിയൻ ടൂർണമെന്റിനുള്ള ബഹ്‌റൈൻ ദേശീയ അണ്ടർ 16 ക്രിക്കറ്റ് ടീമിലേക്ക് രണ്ടു ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾ തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യൻ സ്‌കൂൾ പത്താം ക്ലാസ് വിദ്യാർത്ഥികളായ ഓം ഉമേഷ് ചന്ദ്ര, ഹാനിയേൽ ആസിർ റോബർട്ട് എന്നിവരാണ് ദേശീയ ടീമിൽ ഇടം പിടിച്ചത്. ഒക്ടോബർ 20 മുതൽ 30 വരെ ഒമാൻ തലസ്ഥാന നഗരമായ മസ്‌കറ്റിൽ നടക്കുന്ന ടൂർണമെന്റിൽ പങ്കെടുക്കാനായി ഒക്ടോബർ 18 നു ടീം പുറപ്പെടും. ഏഷ്യയിലെ വെസ്റ്റേൺ റീജിയനിൽ നിന്നുള്ള എട്ട് രാജ്യങ്ങൾ രണ്ട് ഗ്രൂപ്പുകളായി ടൂർണമെന്റിൽ മത്സരിക്കും.സൗദി അറേബ്യ, ഖത്തർ, യുഎഇ, ഒമാൻ, കുവൈറ്റ്, ഇറാൻ, മാലിദ്വീപ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള ടീമുകളാണ് ബഹ്റൈനൊപ്പം മത്സരത്തിൽ പങ്കെടുക്കുന്നത്. ബഹ്‌റൈൻ ദേശീയ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളെ ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, സ്‌കൂൾ ഫിസിക്കൽ എജ്യുക്കേഷൻ മേധാവി സൈകത്ത് സർക്കാർ എന്നിവർ അഭിനന്ദിച്ചു.