തിരുവനന്തപുരം : ഒമാൻ സുൽത്താൻ ഹിസ് മജസ്റ്റി ഖാബൂസ് ബിൻ സൈദ് അന്തരിച്ചു (79) ഒമാൻ ദേശിയ ടെലിവിഷൻ ആണ് വാർത്ത പുറത്തുവിട്ടത്. വെള്ളിയാഴ്ച രാത്രി ആയിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖമായിരുന്നു അദ്ദേഹത്തിന്.അടുത്ത മൂന്ന് ദിവസസം രാജ്യത്തു ദുഃഖാചരണം ആയിരിക്കും,40ദിവസം ഒമാൻ ദേശിയ പതാക താഴ്ത്തികെട്ടും.
ഒമാൻറെ ഭരണസാരഥ്യം ഏറ്റെടുത്ത് അൻപതാം വർഷത്തിലാണ് പ്രിയപ്പെട്ട ഭരണാധികാരി വിടപറയുന്നത്.മലയാളികളടക്കം ലക്ഷക്കണക്കിനു പ്രവാസികൾക്കു മെച്ചപ്പെട്ട ജീവിതമൊരുക്കുന്ന ഒമാൻ എന്ന കൊച്ചു രാജ്യത്തിൻറെ വികസനനായകനാണ് വിടപറയുന്നത്.1970 ജൂലൈ 23 നാണ് സുൽത്താൻ ഖാബൂസ് ബിൻ സയിദ് അൽ സയിദ് ഒമാൻറെ ഭരണസാരഥ്യം ഏറ്റെടുക്കുന്നത്. അഞ്ചു പതിറ്റാണ്ടുകളിലായി സുൽത്താൻറെ നേതൃത്വത്തിൽ രാജ്യം വിദ്യാഭ്യാസം, ശാസ്ത്ര-സാങ്കേതികം, ആരോഗ്യം, വ്യവസായം, വാണിജ്യം തുടങ്ങിയ മേഖലകളിലെല്ലാം വിസ്മയകരമായ വളർച്ച കൈവരിച്ചു. അറബ് മേഖലയിൽ ഏറ്റവുമധികം കാലം ഒരു രാജ്യത്തിൻറെ സാരഥിയായിരിക്കുന്ന ഭരണാധികാരിയാണ് സുൽത്താൻ ഖാബൂസ് ബിൻ സഈദ്. അമേരിക്ക ഇറാൻ പ്രശ്നത്തിലടക്കം മധ്യസ്ഥനായി സമാധാനത്തിനായി നിലകൊണ്ട വ്യക്തിത്വം.ഇസ്രയേൽ പലസ്തീൻ കലഹത്തിൽ ഇരു രാജ്യങ്ങൾക്കിടയിലും മധ്യസ്ഥത വഹിച്ചതും ശ്രദ്ധേയമായി.അതേസമയം, സുൽത്താൻ ഖാബൂസിൻറെ പിൻഗാമിയെ മൂന്നുദിവസത്തിനകം പ്രഖ്യാപിക്കുമെന്നാണ് സൂചന.
ഗൾഫ് പത്രത്തിന്റെ ആദരാജ്ഞലികൾ.