സലാല: സലാലയിൽ മൂന്നംഗ കവർച്ച സംഘം കടയടച്ച് സൈക്കിളിൽ പോയ മലയാളിക്ക് നേരെ മുളകുപൊടിയെറിഞ്ഞ് ആക്രമിച്ചു. സലാല നഗരത്തിന്റെ തെക്കു ഭാഗത്തുള്ള മുൻതസ റോഡിൽ കഴിഞ്ഞ ദിവസം പുലർച്ച 2.30ഓടെയായിരുന്നു സംഭവം.ഇംഗ്ലീഷ് ലാംഗ്വേജ് സെന്ററിനടുത്ത് അടുത്തുള്ള ഫുഡ്സ്റ്റഫ് കടയിൽ ജോലി ചെയ്യുന്ന പാലക്കാട് സ്വദേശി ഹമീദിന് നേരെ സിറ്റി ലൈറ്റ് റസ്റ്റാറൻറിന് സമീപമാണ് ആക്രമണമുണ്ടായത്. കടയടച്ച് സൈക്കിളിൽ താമസ സ്ഥലത്തേക്ക് പോവുകയായിരുന്നു ഹമീദ്. മുളകുപൊടി കണ്ണിൽ വീണ് ഒന്നും കാണാൻ വയ്യാതെയായ ഹമീദിന്റെ പോക്കറ്റിലും ദേഹത്തും സംഘം പരിശോധന നടത്തിയെങ്കിലും പൈസയൊന്നും കിട്ടിയില്ല.ഒച്ചവെച്ച് ആളെ കൂട്ടിയപ്പോഴേക്കും മൂന്നംഗ സംഘം സമീപത്തെ തെങ്ങിൻതോപ്പിലേക്ക് ഓടി മറഞ്ഞു. പോലീസ് സ്ഥലത്തെത്തി അന്വഷണം ആരംഭിച്ചിട്ടുണ്ട്, കണ്ണിന് പരിക്കേറ്റതിനെ തുടർന്ന് ഹമീദ് ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.