മദീന: മദീനയിലെ 6 മേഖലകളിൽ 2 ആഴ്ചത്തേക്കു സമ്പൂർണ ലോക് ഡൗൺ (അടച്ചിടൽ) നിലവിൽ വന്നു. പ്രവാചക പള്ളിയോടു ചേർന്നുള്ള 6 മേഖലകളിലാണ് ഇന്നലെ രാവിലെ 6 മുതൽ നിരോധനാജ്ഞ പ്രാബല്യത്തിലായതെന്നു മദീന ഗവർണറേറ്റ് അറിയിച്ചു. അൽശുറൈബത്ത്, ബാനി സുഫ്ർ, ഖുർബാൻ, അൽ-ജുമാ, ഇസ്‌കാൻ, ബാനി ഖുദർ എന്നീ ജില്ലകളിലാണ് ശനിയാഴ്ച മുതൽ മുഴുസമയ കർഫ്യൂ പ്രഖ്യാപിച്ചത്. ഇവിടങ്ങളിൽ ആരും പ്രവേശിക്കുന്നതും പുറത്ത് പോകുന്നത് തടയുക എന്നതാണ് നടപടിയുടെ ലക്ഷ്യമെന്ന് മദീന മുനിസിപ്പാലിറ്റി അറിയിച്ചു. ബന്ധപ്പെട്ട അധികാരികൾ സമർപ്പിച്ച ആരോഗ്യ ശുപാർശകളെ അടിസ്ഥാനമാക്കി, പൗരന്മാരുടെയും താമസക്കാരുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പാക്കാനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായാണ് ഈ പ്രാദേശിക പൂർണമായും അടച്ചതെന്ന് അധികൃതർ അറിയിച്ചു. ചികിത്സയ്ക്കും ഭക്ഷണത്തിനു പുറത്തു പോകുന്നതിന് ഇളവുണ്ട്. സൗദിയുടെ ഇതര ഭാഗങ്ങളിൽ രാത്രികാല (വൈകിട്ട് 7 മുതൽ രാവിലെ 6 വരെ) നിരോധനാജ്ഞ നിലവിലുണ്ട്. റിയാദിലും മക്കയിലും മദീനയിലും വൈകിട്ട് 3 മുതൽ രാവിലെ 6 വരെയുമാണ് കർഫ്യൂ. അതേസമയം, സൗദിയിൽ കോവിഡ് ബാധിതരുടെ എണ്ണം 1203 ആയി. 99 പേർക്കാണ് ഏറ്റവും ഒടുവിൽ കോവിഡ് സ്ഥിരീകരിച്ചത്.