റാസൽഖൈമയിൽ നിന്ന് കോഴിക്കോട്ടേക്ക് എയർ അറേബ്യ വിമാന സര്‍വീസ് ആരംഭിച്ചു

ദുബായ് : റാസല്‍ഖൈമയില്‍ നിന്ന് കോഴിക്കോട്ടേക്ക് എയര്‍ അറേബ്യ വിമാന സര്‍വീസ് തുടങ്ങി. ആഴ്ചയില്‍ മൂന്ന് സര്‍വീസുകളാണ് ഉള്ളത്. വിവിധ ഇന്ത്യന്‍ നഗരങ്ങളിലേക്ക് വൈകാതെ കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്ന് എയര്‍ അറേബ്യ അധികൃതർ വ്യക്തമാക്കി .
ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളിലാണ് സര്‍വീസ് നടത്തുക. ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഉച്ചക്ക്2.55ന് വിമാനം പുറപ്പെടും. രാത്രി 8.10ന് കോഴിക്കോടെത്തും. 8.50ന് കോഴിക്കോട് നിന്ന് പുറപ്പെടുന്ന വിമാനം യുഎഇ സമയം രാത്രി 11.25 ന് റാസല്‍ ഖൈമയിലെത്തും. ഞായറാഴ്ചകളില്‍ രാവിലെ 10.55ന് പുറപ്പെടുന്ന വിമാനം വൈകുന്നേരം 4.10ന് കോഴിക്കോട് ഇറങ്ങും. 4.50നാണ് മടക്ക യാത്ര.റാസല്‍ഖൈമ ഏവിയേഷന്‍ അതോറിറ്റി ചെയര്‍മാന്‍ സാലിം ബിന്‍ സുല്‍ത്താന്‍ ആല്‍ഖാസിമി, ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ സതീഷ് കുമാര്‍ ശിവന്‍, എയര്‍ അറേബ്യ സിഇഒ ആദില്‍ അബ്ദുല്ല അലി എന്നിവര്‍ ചേര്‍ന്ന് കേക്ക് മുറിച്ചാണ് ആദ്യ വിമാന സര്‍വീസ് ഉദ്ഘാടനം ചെയ്തത്. എയര്‍ അറേബ്യ കോഴിക്കോട്ടേക്ക് ആരംഭിച്ച ആദ്യ വിമാനത്തിലെ യാത്രക്കാരെ പൂക്കള്‍ നല്‍കിയാണ് ജീവനക്കാര്‍ വരവേറ്റത്. റാസല്‍ഖൈമ-കോഴിക്കോട് വിമാന സര്‍വീസിന് മികച്ച പ്രതികരണമാണ് യാത്രക്കാരില്‍ നിന്ന് ലഭിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.