ബഹ്റൈൻ : നിലവിലെ ഫ്ളക്സി വിസക്ക് പകരമായി ഏർപ്പെടുത്തുന്ന പുതിയ സംവിധാനത്തെപറ്റി വിശദമാക്കി അധികൃതർ . ബഹ്റൈനിൽ കഴിയുന്ന അർഹരായ തൊഴിലാളികൾ ലേബർ രജിസ്ട്രേഷൻ സെൻററിൽ രജിസ്റ്റർ ചെയ്യണമെന്ന് തൊഴിൽ മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ, എൽ.എം.ആർ.എ സി.ഇ.ഒ നൂഫ് അബ്ദുൽറഹ്മാൻ ജംഷീർ, ബഹ്റൈൻ ചേംബർ ചെയർമാൻ സമീർ നാസ് എന്നിവർ ഇസ കൾച്ചറൽ സെന്ററിൽ ഇന്ന് നടന്ന വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
തൊഴിൽ വിപണിയിൽ മികച്ച പരിഷ്കരണമാണ് അധികൃതർ ലക്ഷ്യം വെക്കുന്നത് . അതാതു മേഖലയിൽ യോഗ്യതയും കാര്യക്ഷമതയും ഉള്ള ജോലിക്കാരെ കണ്ടെത്തി മികച്ച തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുക ആണ് പുതിയ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്.ഓൺലൈൻ ആയും ലേബർ രജിസ്ട്രേഷൻ സെന്ററിലും രജിസ്ട്രേഷന് സൗകര്യമൊരുക്കും. രജിസ്റ്റർ ചെയ്യുന്ന തൊഴിലാളികളുടെ താമസം ഉൾപ്പെടെ ഉള്ള പൂർണ്ണ വിവരങ്ങൾ ഇവിടെ നൽകണം.
ഇവിടെ രജിസ്റ്റർ ചെയ്യുന്ന തൊഴിലാളികൾക്ക് പ്രത്യേക വർക്ക് പെർമിറ്റ് കാർഡ് നൽകും. ക്യുആർ കോഡ്, ഫോട്ടോ, തൊഴിൽ, പേര്, സി.പി.ആർ നമ്പർ എന്നിവ കാർഡിൽ കാണാൻ സാധിക്കും.നിലവിൽ ഫ്ളക്സി വിസ എടുത്തവരും മതിയായ രേഖകളില്ലാതെ താമസിക്കുന്നവരും ലേബർ രജിസ്ട്രേഷൻ സെന്ററിൽ രജിസ്റ്റർ ചെയ്യണമെന്ന് എൽ.എം.ആർ.എ മുൻപ് നിർദേശം നൽകിയിരുന്നു.എല്ലാ തൊഴിലുകൾക്കും നിശ്ചിത മാനദണ്ഡങ്ങൾ ഏർപ്പെടുത്തുമെന്നും കൂടുതൽ വിവരങ്ങൾ ഉടൻ ലഭ്യമാക്കുമെന്നും, അന്താരാഷ്ട്ര നിലവാരുമുള്ള തൊഴിലാളികളാണ് ജോലിക്കായി നിയമിക്കുന്നതെന്നു ഉറപ്പാക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്നും,തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്ന രീതിയിൽ ആണ് പുതിയ സംവിധാനം നടപ്പാക്കുന്നതെന്നും തൊഴിൽ മന്ത്രി പറഞ്ഞു.
ബഹ്റൈൻ വ്യവസായ സമൂഹം
ചില സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ ഫ്ലെക്സി വിസ നിർത്തലാക്കണമെന്ന് ആവിശ്യം ഉന്നയിച്ചിരുന്നതായി ബഹ്റൈൻ ചേംബർ ചെയർമാൻ സമീർ നാസ് പറഞ്ഞു. പുതിയ സംവിധാനത്തിലൂടെ പ്രവാസികളെ പോലെ സ്വദേശികൾക്കും തൊഴിൽ വിപണി യിൽ പ്രാധാന്യം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു
.ബഹ്റൈനിൽ സന്ദർശക വിസയിൽ ജോലി ചെയ്യുന്നത് കുറ്റകരമാണെന്നും ഇത്തരം വിസയിൽ തൊഴിൽ തേടുന്നവർ ജോലി ലഭിച്ചാൽ രാജ്യത്തിന് പുറത്തുപോയി തൊഴിൽ വിസ കരസ്തമാക്കി തിരികെ വരണമെന്നും ഇതിനായി നിബന്ധന ഏർപ്പെടുത്തണമെന്നും അദ്ദേഹം ആവിശ്യപെട്ടു.
രേഖകൾ ഇല്ലാത്ത തൊഴിലാളികളെ കണ്ടെത്തുന്നതിനുള്ള പരിശോധന കൂടുതൽ വ്യാപിപ്പിച്ചതായി എൽ.എം.ആർ.എ സി.ഇ.ഒ നൂഫ് അബ്ദുൽ റഹ്മാൻ ജംഷീർ പറഞ്ഞു. പിടികൂടുന്നവർക്കെതിരെ നാടുകടത്തൽ ഉൾപ്പെടെ നിയമനടപടികൾ സ്വീകരിക്കുമെന്നും അവർ പറഞ്ഞു.
പുതിയ സംവിധാനത്തിന്റെ രജിസ്ട്രേഷനും മറ്റ് നടപടികളും ഉടൻതന്നെ ആരംഭിക്കും.
തൊഴിലാളികളുടെ പൂർണ്ണ വിവരശേഖരണവും കൂടാതെ അന്താരാഷ്ട്ര തരത്തിൽ ഉള്ള തൊഴിൽ വിപണിയും
ഇതുവഴി അധികൃതർ ലക്ഷ്യംവെക്കുന്നത്.
അനധികൃത തൊഴിലാളികളെ സൃഷ്ട്ടിക്കുന്ന പ്രക്രിയയും, തൊഴിൽചൂഷണവും,മനുഷ്യകടത്തുൾപ്പെടെ ഉള്ള പ്രശ്നങ്ങൾക്ക് പരിഹാരവും ആണ് പുതിയ സംവിധാനം വഴി അധികൃതർ ലക്ഷ്യമിടുന്നത്.