അബുദാബി : ഷെയ്ഖ് ഖലീഫ മെഡിക്കൽ സിറ്റിയിൽ 48 മണിക്കൂർകൊണ്ട് നിർമിച്ച പുതിയ കോവിഡ് ആശുപത്രി തിങ്കളാഴ്ച പ്രവർത്തനമാരംഭിക്കും. 127 കിടക്കകളുള്ള പുതിയ ആശുപത്രിയിൽ 20 ഡോക്ടർമാരും 85 നഴ്സുമാരുമടങ്ങുന്ന മെഡിക്കൽ സംഘമാണ് ചികിത്സയ്ക്കു നേതൃത്വം നൽകുക. പുതിയ ആശുപത്രിയിൽ 12 ഫാമിലി മുറികളുമുണ്ട്. അടുത്ത ബന്ധുക്കളുടെ സാമീപ്യം ആവശ്യമുള്ളവരെ ഇവിടെ അനുവദിക്കും. വിഡിയോ കോൾ സംവിധാനം അടങ്ങിയതാണ് ഓരോ മുറികളും. അതുകൊണ്ടുതന്നെ മെഡിക്കൽ സംഘത്തിന് രോഗികളുടെ അടുത്തു എത്താതെ തന്നെ വീഡിയോ കോൾ വഴി രോഗവിവരങ്ങൾ വിശദമായി ചോദിച്ചറിയാമെന്നും ഇതുവഴി രോഗപ്പകർച്ച ഒഴിവാക്കാമെന്നും ഡപ്യൂട്ടി ചീഫ് ഫിനാൻഷ്യൽ ഓഫിസർ മുഹമ്മദ് ഇസ്സ അൽ മെഹറി പറഞ്ഞു. വിവിധ എമിറേറ്റുകളിൽ കോവിഡ് രോഗികളെ ചികിത്സിക്കാനായി മാത്രം ഏതാനും ഫീൽഡ് ആശുപത്രികളും സജ്ജമായി വരുന്നുണ്ടെന്നും സൂചിപ്പിച്ചു.