വയനാട്: മാനന്തവാടി പുളിഞ്ഞാലില്‍ വിവാഹാഭ്യർത്ഥന നിരസിച്ച യുവതിക്കുനേരെ ആസിഡ് ആക്രമണം. തടയാൻ ശ്രമിച്ച പിതാവിനും പൊള്ളലേറ്റു. ഇരുവരും കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിൽസയിലാണ്. ആക്രമണം നടത്തിയ കോഴിക്കോട് പൂതംപാറ സ്വദേശിയായ മെൽബിൻ പൊലീസിൽ കീഴടങ്ങി.
ഇന്നലെ രാത്രിയാണ് ആക്രമണമുണ്ടായത്. വീടിന്റെ അടുക്കളയിലെത്തിയ പ്രതി യുവതിയുടെ ദേഹത്തേക്ക് ആസിഡൊഴിക്കുകയായിരുന്നു. മുഖത്തും നെഞ്ചിലും ഗുരുതരമായി പൊള്ളലേറ്റു. ഓടിയെത്തി തടയാൻ ശ്രമിച്ച പിതാവിന്റെ കൈകളിലും ആസിഡ് വീണ് പൊള്ളലേറ്റിട്ടുണ്ട്. ഇരുവരെയും മാനന്തവാടി ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുകയായിരുന്നു. ആക്രമണം നടത്തിയശേഷം പ്രതി മാനന്തവാടിയിലെത്തി പൊലീസിൽ കീഴടങ്ങി. ഈയാളെ പിന്നീട് വെള്ളമുണ്ട പൊലീസിന് കൈമാറി.
വധശ്രമത്തിനടക്കം ഗുരുതരമായി ദേഹോപദ്രവം ചെയ്തതിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഭർത്താവുമായി വേർപിരിഞ്ഞ് താമസിക്കുന്ന യുവതിക്ക് രണ്ട് കുട്ടികളുണ്ട്. സംഭവസമയത്ത് കുട്ടികളും യുവതിയുടെ മാതാവും ഒപ്പമുണ്ടായിരുന്നെങ്കിലും പരുക്കേൽക്കാതെ രക്ഷപ്പെട്ടു.