പ്രവാസി ലീഗൽ സെൽ വനിത വിഭാഗം ഗ്ലോബൽ കോർഡിനേറ്ററായി അഡ്വക്കറ്റ് ഷാഹിന പാലക്കാടൻ

ന്യൂഡൽഹി: പ്രവാസി ലീഗൽ സെൽ വനിത വിഭാഗം ഗ്ലോബൽ കോർഡിനേറ്ററായി അഡ്വക്കറ്റ് ഷാഹിന പാലക്കാടൻ നിയമിതയായി. സുപ്രീംകോടതിയിലും കേരള ഹൈക്കോടതിയിലും അഭിഭാഷകയായി പ്രാക്ടീസ് ചെയ്യുന്ന അഡ്വക്കറ്റ് ഷാഹിന പാലക്കാടൻ ഇന്ത്യയിലെയും വിവിധ രാജ്യങ്ങളിലെയും രാഷ്ട്രീയ-സാമൂഹിക – സന്നദ്ധ സേവന സംഘടനകളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച് വരുന്നു.കേരളത്തിൽ മഹാത്‌മാ ഗാന്ധി സർവ്വകലാശാല സെനറ്റ് മെമ്പർ, വൈസ് ചെയർ പേഴ്സൺ തുടങ്ങിയ സ്ഥാനങ്ങളോടൊപ്പം രാജീവ് യൂത്ത് ഫൗണ്ടേഷൻ, ഐ.എൻ.ഒ.എച്ച്.ആർ.പി. തുടങ്ങിയ സംഘടനകളുടെ ലീഗൽ അഡ്വൈസർ, സംസ്ഥാന ഭാരവാഹി, പശ്ചിമേഷ്യൻ രാജ്യങ്ങളുടെ ചുമതലകൾ തുടങ്ങിയവയും അഡ്വക്കറ്റ് ഷാഹിന നിർവ്വഹിച്ചിട്ടുണ്ട്. കോവിട് കാലത്ത്‌ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളുടെ വിവിധ ആവശ്യങ്ങൾ ക്രോഡീകരിക്കുന്നതിനായും മറ്റും സേവന പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകിയിട്ടുള്ള അഡ്വക്കറ്റ് ഷാഹിനയുടെ നേത്രുപാടവം പ്രവാസി ലീഗൽ സെൽ വനിതാ വിഭാഗം പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടാവുമെന്ന് പ്രവാസി ലീഗൽ സെൽ ഭാരവാഹികൾ വാർത്താകുറിപ്പിൽ അറിയിച്ചു.ലോകത്തെമ്പാടുമുള്ള പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുകയെന്ന ലക്ഷ്യത്തോടെ ഒന്നര പതിറ്റാണ്ടുകളായി ഡൽഹി ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന സർക്കാരിതര സംഘടനയാണ് പ്രവാസി ലീഗൽ സെൽ. നിലവിൽ വിദേശ ജോലികളുടെ മറവിൽ ക്രമാതീതമായി വർധിച്ചു വരുന്ന മനുഷ്യക്കടത്തുകൾക്കിരയായ നിരവധി പ്രവാസികൾക്കാണ് ഇതിനോടകം പ്രവാസി ലീഗൽ സെല്ലിൻറെ നിയമപരമായ ഇടപെടലുകളിലൂടെ പ്രയോജനം ലഭിച്ചത്. വിദേശത്തേക്കുള്ള തൊഴിൽ തട്ടിപ്പുകൾ തടയാൻ കേരളാ ഹൈക്കോടതിയിൽ സമർപ്പിച്ച കേസിലും പ്രവാസി ലീഗൽ സെല്ലിന് അനുകൂല വിധി നേടാനായി. ഇതിൻറെ ഭാഗമായി കേരളാ സർക്കാർ നടപ്പിലാക്കിയ സ്‌പെഷ്യൽ ടാസ്ക് ഫോഴ്സ് ഉൾപ്പടെയുള്ള സൗകര്യങ്ങളും പ്രാബല്യത്തിൽ വന്നിട്ടുണ്ട്. വിദേശപഠനത്തിനായി പോകുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നിയമ പരിരക്ഷ ഉറപ്പുവരുത്താനായി കേന്ദ്ര സർക്കാരിനുള്ള നിർദേശവും ലീഗൽ സെൽ നൽകിയ പൊതുതാൽപര്യ ഹർജിയിൽ ഡൽഹി ഹൈക്കോടതി നൽകിയിട്ടുണ്ട്. മടങ്ങിയെത്തിയ പ്രവാസികളെ കേരള സർക്കാർ ഇൻഷുറൻസ് പദ്ധതിയായ നോർക്ക കെയറിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം പരിഗണിക്കണമെന്ന് കേരള ഹൈക്കോടതി കേരള സർക്കാരിന് നിർദ്ദേശിച്ചത് പ്രവാസി ലീഗൽ സെൽ നൽകിയ  ഹർജിയിലാണ്.