
‘സൊഹാർ നൈറ്റ്സ് 2026’ നവംബർ 13-ന്; സൊഹാർ ബീച്ച് ഹോട്ടൽ ഗ്രൗണ്ടിൽ നടക്കും
സൊഹാർ: ഇലക്ട്രോണിക് ഡാൻസ് മ്യൂസിക്കിന്റെ പുത്തൻ താളങ്ങളും ചടുലമായ നൃത്താവിഷ്കാരങ്ങളുമായി ‘സൊഹാർ നൈറ്റ്സ് 2026’ സംഗീതവിരുന്ന് അരങ്ങേറുന്നു. സിനിമാതാരവും ഗായികയുമായ അനാർക്കലി മരിക്കാറും സംഘവും അവതരിപ്പിക്കുന്ന മെഗാ ഷോ നവംബർ 13 വെള്ളിയാഴ്ച സൊഹാർ ബീച്ച് ഹോട്ടൽ ഗ്രൗണ്ടിൽ നടക്കും. ഒസോഹാറിൽ നടക്കുന്ന സംഗീതവിരുന്ന് സംഗീതപ്രേമികൾക്ക് വേറിട്ട അനുഭവമാകുമെന്ന് സംഘാടകർ അറിയിച്ചു.അനാർക്കലി മരിക്കാറിനൊപ്പം പ്രമുഖ DJ-മാരും മറ്റ് കലാകാരന്മാരും അണിനിരക്കുന്ന പരിപാടിയിൽ ഇലക്ട്രോണിക് സംഗീതത്തിന്റെ ആധുനിക ശബ്ദവിന്യാസങ്ങളും DJ മിക്സിങ്ങും നൃത്താവിഷ്കാരങ്ങളും ഒത്തുചേരും. മലയാളത്തിലെ 90-കളിലെയും 2000-കളിലെയും ജനപ്രിയ ഗാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചിതമായ EDM സംഗീതശൈലിയിൽ പുനരാവിഷ്കരിച്ച് അവതരിപ്പിക്കുന്നതാണ് പരിപാടിയുടെ പ്രധാന സവിശേഷത.
സിനിമാഭിനയത്തിലൂടെ ശ്രദ്ധേയയായ അനാർക്കലി മരിക്കാർ ഗായിക എന്ന നിലയിലും ശ്രദ്ധ നേടിയിട്ടുണ്ട്. അവരുടെ നേതൃത്വത്തിൽ DJ സാവിയോ, സോനു സെബാസ്റ്റ്യൻ, ജാസിൻ ജമാൽ, ഡ്രമാനോ, ബിലാൽ കൈസ് എന്നിവരും മറ്റ് സഹകലാകാരന്മാരും സംഗീതവിരുന്നിൽ പങ്കുചേരും. ആധുനിക സംഗീതത്തിന്റെ താളവും വെളിച്ചവും നൃത്തവും സമന്വയിപ്പിച്ചുള്ള അവതരണം സൊഹാറിലെ സംഗീതാസ്വാദകർക്ക് പുതിയൊരു ആസ്വാദനാനുഭവം സമ്മാനിക്കുമെന്നാണ് പ്രതീക്ഷ. ഗ്ലോബൽ ഹൗസ് ഇവന്റ്സിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മെഗാ ഷോയുടെ മുഖ്യ പ്രായോജകർ മാർക്ക് ആൻഡ് സേവ് ആണ്. പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.മലയാളത്തിലെ പഴയകാല ജനപ്രിയ ഗാനങ്ങളെ EDM സംഗീതത്തിലൂടെ പുതുമയോടെ അവതരിപ്പിക്കുന്നതിലൂടെ മലയാളികൾക്ക് തികച്ചും വ്യത്യസ്തമായ ആസ്വാദനരീതി വേദിയിൽ ഒരുക്കുമെന്ന് ഷോ ഡിസൈനർ സിറാജ് ഖാൻ പറഞ്ഞു. ഒമാനിലെ സംഗീതപ്രേമികൾക്കായി നവീന സംഗീതാവിഷ്കാരത്തിന്റെ പുതിയ അനുഭവം സമ്മാനിക്കുകയാണ് ‘സൊഹാർ നൈറ്റ്സ് 2026’ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.







