യുവതികളുടെ അറസ്റ്റ്: ഹീത്രൂവില്‍ 300 ജീവനക്കാരുടെ സുരക്ഷാ പാസുകള്‍ റദ്ദാക്കി

31556ലണ്ടന്‍ : തട്ടിപ്പിന്റെ പേരില്‍ ഹീത്രൂ വിമാനത്താവളത്തിലെ 300 ജീവനക്കാരുടെ സുരക്ഷാ പാസുകള്‍ അധികൃതര്‍ റദ്ദാക്കി. ഹീത്രൂ വിമാനത്താവളത്തില്‍ തട്ടിപ്പുകള്‍ നടത്താന്‍ കൂട്ടുനിന്ന രണ്ട് യുവതികളെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് സോഡെക്‌സോ കമ്പനിക്ക് നല്‍കിയ 300 ജീവനക്കാരുടെ എയര്‍ സൈഡ് സെക്യൂരിറ്റി പാസുകള്‍ റദ്ദാക്കിയതെന്നു സ്‌കൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

പ്രധാനമായും ക്ലീനിംഗ് കാറ്ററിംഗ് തസ്തികകളില്‍ ജോലി ചെയ്യുന്നവരാണിത്.
വിമാനത്താവളത്തില്‍ തട്ടിപ്പുകള്‍ നടത്താന്‍ കൂട്ടുനിന്ന രണ്ട് യുവതികളെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് സോഡെക്‌സോ കമ്പനിക്ക് നല്‍കിയ എയര്‍ സൈഡ് സെക്യൂരിറ്റി പാസുകള്‍ റദ്ദാക്കിയത്. 20 ഉം 24 ഉം വയസുള്ള രണ്ടു യുവതികളാണ് അറസ്റ്റിലായത്. ഇവര്‍ വിമാനത്താവളത്തിലെ ജീവനക്കാരാണെന്നാണ് സൂചന. മുന്‍കരുതല്‍ എന്ന നിലയിലാണ് മറ്റുള്ളവരുടെയും പാസുകള്‍ സസ്‌പെന്റ് ചെയ്തത്. സംഭവം സുരക്ഷാ വീഴ്ചയല്ലെന്നും, കാര്‍ഗോ മേഖലയില്‍ നിന്നും സാധനങ്ങള്‍ മോഷ്ടിക്കുകയാണ് ചെയ്തതെന്നും ആണ് അധികൃതരുടെ വിശദീകരണം.

കഴിഞ്ഞ വര്‍ഷം ഷാംഅല്‍ ഷെയ്ഖില്‍ നിന്നും റഷ്യയിലേക്ക് പോയ വിമാനം ഭീകരര്‍ തകര്‍ത്തത് ഇത്തരത്തില്‍ ജീവനക്കാരുടെ സഹായത്തോടെ കടത്തിയ ബോംബ് ഉപയോഗിച്ചായിരുന്നു. അതുകൊണ്ടുതന്നെ വിമാനത്തിന് സമീപം എത്തുന്ന ഇത്തരം ജീവനക്കാര്‍ക്ക് വലിയ സുരക്ഷാ പരിശോധനകള്‍ക്ക് ശേഷം മാത്രമാണ് പാസുകള്‍ അനുവദിക്കുന്നത്.