കേരളപ്പിറവി ആഘോഷം ഉണർത്തിയ ചില ചിന്തകൾ

Article By : ജമാൽ ഇരിങ്ങൽ

ബഹ്‌റൈൻ : ഐക്യ കേരളപിറവിയുടെ 66ആം പിറന്നാൾ നാട് സമുചിതമായി ആഘോഷിച്ചു കൊണ്ടിരിക്കുകയാണ്. സർക്കാർ തലത്തിലും അല്ലാതെയുമൊക്കെ നാടെങ്ങും വിപുലമായ ആഘോഷ കാഴ്ച്ചകളാന്ന്. കേരളത്തിന് പുറത്തുള്ള മലയാളികളും ഏറെ ഗൃഹാതുരതയോടെയാണ് വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിചു കൊണ്ടിരിക്കുന്നത്.
അഞ്ചു ജില്ലകൾ മാത്രമായി രൂപംകൊണ്ട കേരള സംസ്ഥാനം ഇന്ന് 14 ജില്ലകളും 20 ലോകസഭാ മണ്ഡലങ്ങളും 140 നിയമസഭാ മണ്ഡലങ്ങളും എന്ന അവസ്ഥയിലേക്ക് വളർന്നിട്ടുണ്ട്. വൈവിദ്ധ്യമേറിയ ഭൂപ്രകൃതിയാൽ സമ്പന്നമാണ് നമ്മുടെ കേരളം. ലോകത്തിലെ സന്ദർശനം നടത്തേണ്ട അമ്പതുസ്ഥലങ്ങളുടെ പട്ടികയിൽ കേരളത്തെയും നാഷണൽ ജിയോഗ്രാഫിക് ട്രാവലർ മാഗസിൻ ഉൾപ്പെടുത്തിയിട്ടുണ്ട്. കേരളത്തിന്റെ സാമൂഹികവികസനത്തെ “കേരളാ മോഡൽ” എന്നപേരിൽ പല രാജ്യാന്തര സാമൂഹിക ശാസ്ത്രജ്ഞരും പഠന വിഷയമാക്കിയിട്ടുമുണ്ട്‌.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കേരളം എന്നത് നാല് ഭാഗങ്ങളായിട്ടായിരുന്നു ഉണ്ടായിരുന്നത്. തിരുവിതാംകൂര്‍, കൊച്ചി എന്നീ നാട്ടുരാജ്യങ്ങളും , ബ്രിട്ടീഷ് മലബാറും, തെക്കൻ കനറാ ജില്ലയിലെ കാസർഗോഡ് താലൂക്കും എന്നിവയായിരുന്നു അത്. തിരുവിതാംകൂറിലെ തോവാള, അഗസ്തീശ്വരം, കല്‍ക്കുളം, വിളവങ്കോട് താലൂക്കുകളും ചെങ്കോട്ടത്താലൂക്കിന്‍റെ ഒരു ഭാഗവും വേര്‍പെടുത്തി മദിരാശി സംസ്ഥാനത്തോടു ചേര്‍ത്തു. ശേഷിച്ച തിരുകൊച്ചി സംസ്ഥാനത്തോടു മലബാര്‍ ജില്ലയും തെക്കന്‍ കാനറാ ജില്ലയിലെ കാസർഗോഡ് താലൂക്കും ചേര്‍ക്കപ്പെട്ടു. ഫലത്തില്‍ കന്യാകുമാരി ജില്ല കേരളത്തിനു നഷ്ടപ്പെടുകയും ഗൂഡല്ലൂര്‍ ഒഴികെയുള്ള മലബാര്‍ പ്രദേശം കേരളത്തോടു ചേര്‍ക്കപ്പെടുകയുമാണുണ്ടായത്.
ഭാഷ, ചരിത്രം, ഐതിഹ്യം തുടങ്ങിയ കാര്യങ്ങൾ പൊതുവായുള്ള മലയാളികളെ ഒരുമിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐക്യ കേരള പ്രസ്ഥാനം രൂപം കൊള്ളുന്നത്. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും, കമ്മ്യൂണിസ്റ്റ് പാർട്ടിയും, സോഷ്യലിസ്റ്റ് പാർട്ടിയുമൊക്കെ ഐക്യ കേരളം എന്ന ആശയത്തിന് വേണ്ടി നിലകൊണ്ടവരാണ്. 1928-ല്‍ എറണാകുളത്ത് ചേര്‍ന്ന നാട്ടുരാജ്യ പ്രജാസമ്മേളനത്തിലും അഖിലകേരള കുടിയാന്‍ സമ്മേളനത്തിലും ഐക്യകേരളപ്രമേയങ്ങള്‍ പാസാക്കപ്പെടുകയുണ്ടായി. 1928-ല്‍ ജവഹര്‍ലാല്‍ നെഹ്രുവിന്റെ അധ്യക്ഷതയില്‍ പയ്യന്നൂരില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനം സ്വതന്ത്രഭാരതത്തിന്റെ ഭരണഘടന രൂപവത്കരിക്കുമ്പോള്‍ കേരളത്തെ പ്രത്യേക സംസ്ഥാനമായി പുനഃസംഘടിപ്പിക്കണമെന്ന് ആവശ്യപ്പെടും ചെയ്തു. തൊഴിലാളി , വിദ്യാർത്ഥി, കർഷക വിഭാഗങ്ങളും ഈ ആവശ്യം പല രീതിയിൽ ഉന്നയിക്കുകയുണ്ടായിട്ടുണ്ടായിരുന്നു. ഇതിന്റെയൊക്കെ പരിണിതഫലമെന്നോണമാണ് ഇന്നത്തെ കേരളം സാക്ഷാൽകൃതമാവുന്നത്.

നമ്മുടെ സംസ്ഥാനം പിറവിയെടുക്കുമ്പോൾ പകുതിയിലധികം ജനങ്ങളും കർഷകരായിരുന്നു. എന്നാൽ ഇന്ന് നമ്മുടെ ആവശ്യങ്ങൾക്ക് വേണ്ടിയുള്ള പച്ചക്കറികൾക്കും പഴങ്ങൾക്കും അന്യസംസ്ഥാനങ്ങളെയാണ് പ്രധാനമായും ആശ്രയിച്ചു കൊണ്ടിരിക്കുന്നത്. നമ്മുടെ മഹത്തായ കാർഷിക പാരമ്പര്യങ്ങളെ പുതു തലമുറ എന്നോ മറക്കുകയും ചെയ്തിരിക്കുന്നു. തമിഴ്‌നാട്ടിലും ആന്ധയിലും ബന്ദ് പ്രഖ്യാപിക്കപ്പെടുകയോ അവിടുന്നിങ്ങോട്ടുള്ള വാഹനഗതാഗതം തടസപ്പെടുകയോ ചെയ്‌താൽ നമ്മൾ പട്ടിണി കിടക്കേണ്ട അവസ്ഥയാണിന്ന്. കൃഷി എന്നത് ഒരു പാരമ്പര്യ നന്മയും സംസ്‌കാരവുമായിരുന്നു. മണ്ണിനെ സ്നേഹിക്കുന്ന പ്രകൃതിയുടെ താളത്തെ ജീവിതത്തിലേക്ക് സ്വാംശീകരിക്കുന്ന ഒരു തലമുറ നമുക്ക് വിനഷ്ടമായിരിക്കുകയാണ്. പാടവും പറമ്പും മലയും ഇടിച്ചു നിരത്തി പ്രകൃതിയെ നമ്മൾ കൊന്നു കൊണ്ടിരിക്കാൻ തുടങ്ങിയിട്ട് കാലം കുറെ ആയല്ലോ. കാർഷികവൃത്തിയിലൂടെയുള്ള ഉപജീവനം എന്നത് പുതിയ തലമുറക്ക് ചിരിക്കാൻ വകയുള്ള ഒരു കോമഡി മാത്രമാണിന്ന്. എങ്കിലും ചിലയിടത്തൊക്കെ പ്രതീക്ഷക്ക് വക നൽകുന്ന കാർഷികമുന്നേറ്റങ്ങൾ അപൂര്വമായെങ്കിലും ഉണ്ടാവുന്നതും ഓർക്കാതിരിക്കുന്നില്ല. നമ്മുടെ വിദ്യാലയങ്ങളിലും കോളേജുകളിലും കൃഷി എന്നത് ഒരു പാഠ്യപദ്ധതിയായി കരിക്കുലത്തിൽ ഉൾപ്പെടുത്തുകയും ഈ മേഖലയിലേക്ക് കടന്നു വരുന്നവരെ അകമഴിഞ്ഞു പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരു സംവിധാനം ഉണ്ടാവണം.

പ്രബുദ്ധമെന്ന് നാം മേനി നടിക്കുന്ന കേരളത്തിലാണ് നമ്മുടെ മഹത്തായ നവോത്ഥാന പാരമ്പര്യങ്ങളെ പല്ലിളിച്ചു കൊഞ്ഞനം കുത്തുന്ന സംഭവ വികാസങ്ങൾ ദിനേന സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഒരു കാലത്ത് കൂട്ടായ പ്രയത്നത്തിലൂടെ നാം പിഴുതെറിഞ്ഞ പല അന്ധവിശ്വാങ്ങളും, അനാചാരങ്ങളും തിരിച്ചു വന്നുകൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ ഒരു തല മുതൽ മറുതല വരെ ചെറുതും വലുതുമായ നിരവധി വിശ്വാസത്തിന്റെ പേരിലുള്ള തട്ടിപ്പുകേന്ദ്രങ്ങളാണ് തഴച്ചു വളർന്നിരിക്കുന്നത്. ഈ രംഗത്ത് വലിയ കുതിച്ചുചാട്ടമാണ് കേരളം നടത്തിയത്. നമ്മുടെ മനസാസാക്ഷിയെ ഞ്ചെട്ടിക്കുന്ന നരബലിയും അന്ധവിശ്വാസങ്ങളുടെ പേരിലുള്ള കൊലകളും കേരളത്തിൽ നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്നു. വിദ്യാഭ്യാസവും വിവരവും ഉണ്ടെന്ന് അവകാശപ്പെടുന്നവർ തന്നെയാണ് ഇത്തരം വിശ്വാസവൈകൃതങ്ങളുടെ പ്രയോക്താക്കളും ഉപഭോക്താക്കളും എന്നതാണ് യാഥാർഥ്യം.

ഈ ചൂഷങ്ങളുടെ കെടുതികൾ അനുഭവിക്കുന്നവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളും ആണ്. സിദ്ധന്മാരുടെയും മനുഷ്യദൈവങ്ങളുടെയും കെണിയിൽ പെട്ട് ധനവും, മാനവും, ജീവനും, ജീവിതവും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നവരുടെ എണ്ണം ദിനേന വർധിച്ചു കൊണ്ടിരിക്കുകയാണ്. സർക്കാർ സ്ഥാപനങ്ങളിലും നമ്മുടെ ഭരണഘടനാ സവിധാനങ്ങളിലുമൊക്കെ ഇത്തരം അന്ധവിശ്വാങ്ങളുടെ അടയാളങ്ങൾ കാണേണ്ടിവരുന്നുവെന്നത് ഏവരെയും ലജ്ജിപ്പിക്കുന്നതാണ്.

ജാതകദോഷം തീർക്കാൻ വേണ്ടി തന്നെ ജീവനുതുല്യം സ്നേഹിച്ച പ്രിയപ്പെട്ടവനെ വിഷം കൊടുത്തു ക്രൂരമായി കൊലപ്പെടുത്തിയ “സ്മാർട്ട് ഗേളും” പുതിയ കേരളത്തിന്റെ പ്രതീകം തന്നെ. ഇതേ ജാതകത്തിന്റെ പേരിൽ തന്നെയാണ് ആയിരക്കണക്കിന് സ്ത്രീകളും പുരുഷന്മാരും മംഗല്യ സൗഭാഗ്യം അനുഭവിക്കാൻ കഴിയാതെ “പുര നിറഞ്ഞു” നിൽക്കുന്നതും. നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും പേരിൽ പല ജീവിതങ്ങളും മൗനം തളം കെട്ടിയ നാല് ചുവരുകൾക്കുള്ളിൽ നെടുവീർപ്പിട്ടുകൊണ്ടിരിക്കുകയാണ്. അവരുടെ മിഴികളിൽ നിന്നുതിർന്നു വീഴുന്ന കണ്ണീർകണങ്ങൾ കേരളത്തിന്റെ നവോത്ഥാനനാട്യങ്ങളെ പൊള്ളിക്കാൻ മതിയായതാണ്.

എല്ലാ മതങ്ങളിലുമുള്ള പൗരോഹിത്യവും അതിന്റെ നടത്തിപ്പുകാരുമാണ് സമൂഹത്തിൽ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പരത്തുന്നതിൽ മുഖ്യ പങ്കു വഹിക്കുന്നത്. അതോടൊപ്പം നമ്മുടെ മാധ്യമങ്ങളും സോഷ്യൽ മീഡിയയുമൊക്കെ ഇത്തരം കേന്ദ്രങ്ങളുടെ പ്രചാരകരും സ്പോൺസർമാരും കൂടിയാണ്. സാമൂഹിക പ്രതിബദ്ധതയുടെ പേരിൽ ഇത്തരം പരസ്യങ്ങളുടെ വരുമാനം വേണ്ടതില്ല എന്ന് വെക്കാൻ ഒരു മാധ്യമ മുതലാളിയും തീരുമാനിക്കുകയില്ല.

നമ്മൾ ഇന്ന് അനുഭവിക്കുന്ന മറ്റൊരു വലിയ പ്രശ്നമാണ് ലഹരിയുടെ കെടുതികൾ എന്നത്. ലഹരിക്കെതിരെ പോരാടാൻ ആഹ്വാനം ചെയ്യുന്ന സർക്കാർ തന്നെയാണ് മദ്യത്തിലൂടെയും ലോട്ടറിയിലൂടെയും കോടികളുടെ വരുമാനം കൊയ്യുന്നത് എന്നതും വലിയ പ്രശ്നമാണ്. കഞ്ചാവും, ഹാഷിഷും, എം.ഡി.എം.എയും ബീവറേജ് ഷോപ്പിലൂടെ വിതരണം ചെയ്യാൻ സാധിച്ചിരുന്നുവെങ്കിൽ ഒരു പക്ഷെ സർക്കാർ അതും വിറ്റു ഖജനാവ് നിറച്ചേനെ എന്ന് തോന്നിപ്പോകുന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്ക്.

ലഹരിക്കടിപ്പെട്ട് ജീവിതം ഹോമിച്ചുകൊണ്ടിരിക്കുന്നവരുടെ കൂട്ടത്തിൽ നല്ലൊരു ശതമാനം നമ്മുടെ യുവതലമുറയാണെന്നത് ഏറെ സങ്കടകരമാണ്. സാക്ഷരകേരളത്തിൽ നമ്മുടെ സ്കൂൾ – കോളേജ് വിദ്യാർത്ഥികൾ ആൺ പെൺ വിത്യാസമില്ലാതെ മാരകമായ ലഹരിവസ്‌തുക്കൾ ഉപയോഗിച്ച് കൊണ്ടിരിക്കുന്നുണ്ട്. അമിതമായ മദ്യപാനം മൂലം മൂന്നാം ക്ലാസിൽ പഠിക്കുന്ന ഒരു കുരുന്നുബാലൻ മരണപ്പെട്ടതും മറ്റൊരു പത്താം ക്‌ളാസ്സ്‌കാരൻ അത്യാസന്നനിലയിലായതും കുറച്ചു മുമ്പായിരുന്നു നമ്മൾ കണ്ടത് . ഇതൊക്കെ തെളിയിക്കുന്നത് നമ്മുടെ യുവത്വത്തിന്റെ കൂടെ ബാല്യവും മദ്യത്തിനും മയക്കുമരുന്നിനും ഭീകരമായ രീതിയിൽ അടിപ്പെട്ടുകൊണ്ടിരിക്കുന്നു എന്നതാണ്. എക്സൈസ് പിടികൂടുന്ന ലഹരിവസ്തുക്കളുടെ 20 ഇരട്ടിയിലധികമാന് കേരളത്തിലേക്ക് ഒഴുകുന്നതെന്നാണ് പറയപ്പെടുന്നത്. എം.ഡി.എം.എയുടെ നല്ലൊരു മാർക്കറ്റ് ആയി ഇന്ന് കേരളം മാറിയിരിക്കുന്നു. ഒരു കിലോക്ക് ഏതാണ്ട് അഞ്ചരക്കോടിയോളം വിപണിമൂല്യം വരുന്ന ഈ മാരകമായ മയക്കുമരുന്ന് പ്രധാനമായും വിറ്റഴിക്കപ്പെടുന്നത് വിദ്യാർത്ഥികളിലും യുവാക്കളിലുമാണ്. ആദ്യമൊക്കെ ഒരു രസത്തിനും കൗതുകത്തിനും തുടങ്ങുന്ന മദ്യ – മയക്കുമരുന്നു ഉപയോഗം പിന്നെ ഒഴിച്ച് കൂടാൻ പറ്റാത്ത രീതിയിൽ അവരുടെ ജീവിതത്തിന്റെ ഭാഗമായി മാറുന്നു. അവസാനം ജീവിതത്തോട് തന്നെ വിട പറയേണ്ടി വരുന്ന ഗതികേടിലേക്കാണ് നമ്മുടെ പുതിയ തലമുറ എത്തിപ്പെട്ടിരിക്കുന്നത്.

സാക്ഷരകേരളം എന്നതും പ്രബുദ്ധകേരളം എന്നതുമൊക്കെ നമുക്ക് അർഥം അറിഞ്ഞു തിരിച്ചു പിടിക്കേണ്ട പദാവലികളാണിന്ന്.

കേരളം അതിന്റെ 66 ആം പിറന്നാൾ ആഘോഷിക്കുന്ന ഈ ഘട്ടത്തിൽ നമുക്ക് നമ്മെ സ്വയം വിലയിരുത്താൻ കഴിയണം. കക്ഷിരാഷ്ട്രീയ താൽപര്യങ്ങൾക്കതീതമായി മൂല്യങ്ങളുടെയും നന്മകളുടെയും സ്ഥാപനത്തിനും പ്രചാരണത്തിനും വേണ്ടി ഒറ്റക്കെട്ടായി നിൽക്കാൻ എല്ലാവര്ക്കും സാധിക്കേണ്ടതുണ്ട്. നമ്മുടെ പൂർവികർ നേടിയെടുത്ത മഹത്തായ മൂല്യസങ്കല്പങ്ങൾ കൈമോശം വരാതെ കാത്ത് സൂക്ഷിക്കാൻ നാമോരോരുത്തരും ബാധ്യതപ്പെട്ടിരിക്കുന്നു.