ബഹ്റൈൻ വിമാനത്താവളം വഴി മയക്കുമരുന്ന് കടത്താൻ ശ്രമം; എട്ട് പേർ പിടിയിൽ

മനാമ: ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളം വഴി രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച 17 കിലോഗ്രാമിലധികം മയക്കുമരുന്നുമായി വിവിധ രാജ്യക്കാരായ എട്ട് പേരെ ആഭ്യന്തര മന്ത്രാലയം പിടികൂടി. ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസിന് കീഴിലുള്ള ആന്റി നർക്കോട്ടിക്സ് ഡയറക്ടറേറ്റും ബഹ്റൈൻ എയർപോർട്ട് കസ്റ്റംസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികൾ വലയിലായതു .പിടികൂടിയ മയക്കുമരുന്നുകൾക്ക് ഏകദേശം 2,35,500 ബഹ്റൈൻ ദിനാർ വിപണി മൂല്യമുണ്ടെന്നാണ് അധികൃതർ വ്യക്തമാക്കിയത്. രാജ്യത്തേക്ക് ലഹരിവസ്തുക്കൾ കടത്തുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആന്റി നർക്കോട്ടിക്സ് വിഭാഗം നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്.അതിനെ തുടർന്ന് നടത്തിയ പരിശോധനകളിൽ ചില പ്രതികളെ വിമാനത്താവളത്തിൽ വെച്ചും മറ്റുള്ളവരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ റെയ്ഡുകളിലൂടെയുമാണ് പിടികൂടിയത്. പിടിച്ചെടുത്ത മയക്കുമരുന്നുകൾ അധികൃതർ കണ്ടുകെട്ടി. കേസിൽ തുടർ നിയമനടപടികൾ സ്വീകരിക്കുന്നതിനായി പ്രതികളെയും ബന്ധപ്പെട്ട രേഖകളും പബ്ലിക് പ്രോസിക്യൂഷന് കൈമാറി.രാജ്യത്തെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പൊതുജനങ്ങളുടെ സഹകരണം ഉറപ്പാക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അഭ്യർത്ഥിച്ചു. ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ടോ മറ്റ് ലഹരിവിരുദ്ധ കേസുകളുമായി ബന്ധപ്പെട്ടോ എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ 996 എന്ന ഹോസ്ലൈൻ നമ്പറിലൂടെയോ 996@interior.gov.bh എന്ന ഇമെയിൽ വിലാസത്തിലൂടെയോ അധികൃതരെ അറിയിക്കണമെന്നും മന്ത്രാലയം നിർദേശം നൽകി . ഇത്തരം കാര്യങ്ങളെ പറ്റി വിവരം നൽകുന്നവരുടെ വ്യക്തിവിവരങ്ങൾ പൂർണമായും രഹസ്യമായി സൂക്ഷിക്കുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി