
മസ്കറ്റ്: ഉപഭോക്തൃ അനുഭവത്തിൽ എഐ സാങ്കേതികവിദ്യയുടെ മികച്ച ഉപയോഗത്തിന് എയർ ഇന്ത്യ എക്സ്പ്രസിന് പുരസ്കാരം. യാത്രക്കാർക്കുള്ള ഡിജിറ്റൽ സഹായ സംവിധാനമായ ‘ടിയ’യിലൂടെ മികച്ച സേവനം ഉറപ്പാക്കിയതിനാണ് അംഗീകാരം.യു.ബി.എസ് ഫോറംസ് സംഘടിപ്പിച്ച 25-ാമത് ഉച്ചകോടിയിലും പുരസ്കാരദാന ചടങ്ങിലുമാണ് ‘ഉപഭോക്തൃ അനുഭവത്തിൽ എഐയുടെ മികച്ച ഉപയോഗം’ എന്ന പുരസ്കാരം എയർ ഇന്ത്യ എക്സ്പ്രസിന് ലഭിച്ചത്.ടിക്കറ്റ് ബുക്കിങ്, റദ്ദാക്കൽ, റീഫണ്ട്, വിമാനത്തിന്റെ സ്റ്റാറ്റസ്, ബാഗേജ് വിവരങ്ങൾ തുടങ്ങി നൂറിലധികം സേവനങ്ങൾ ‘ടിയ’യിലൂടെ ലഭിക്കും. പ്രതിദിനം ഏകദേശം 15,000 ഉപഭോക്തൃ അന്വേഷണങ്ങളാണ് ടിയ കൈകാര്യം ചെയ്യുന്നത്. നിലവിൽ 75 ശതമാനത്തിലധികം യാത്രക്കാരുടെ ആവശ്യങ്ങൾ ടിയയിലൂടെ തന്നെ പരിഹരിക്കുന്നതായും എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.വെബ്സൈറ്റ്, മൊബൈൽ ആപ്പ്, വാട്സ്ആപ്പ്, കോൺടാക്ട് സെന്റർ എന്നിവ വഴി 24 മണിക്കൂറും ടിയയുടെ സേവനം ലഭ്യമാണ്.അതേസമയം, അടുത്തിടെ സ്കൈട്രാക്സിന്റെ ഫോർ സ്റ്റാർ വേൾഡ് എയർലൈൻ റേറ്റിംഗും എയർ ഇന്ത്യ എക്സ്പ്രസിന് ലഭിച്ചിരുന്നു. വിവിധ ഭാഷകളിലുള്ള സഹായവും കൂടുതൽ വ്യക്തിഗതമായ സേവനങ്ങളും ഉൾപ്പെടെ ടിയയുടെ സേവനം കൂടുതൽ വിപുലീകരിക്കാനാണ് വിമാനക്കമ്പനിയുടെ പദ്ധതി.







