പാലക്കാട് ∙ കൊല്ലം, കരുനാഗപ്പള്ളി അഴീക്കലിൽ സദാചാരഗുണ്ടകളുടെ ആക്രമണത്തിന് ഇരയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് അട്ടപ്പാടി സ്വദേശി അനീഷിനെയാണ് വീടിനുസമീപത്തെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഫെബ്രുവരി 14നാണ് അനീഷിനും പെൺസുഹൃത്തിനും മർദനമേറ്റത്. കേസിൽ അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിന് ശേഷം നാട്ടിൽ തിരികെ എത്തിയ അനീഷ് മാനസീകമായി ആകെ തകർന്നിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.സ്ത്രീയെയും പുരുഷനെയും മർദിച്ചു ഭീഷണിപ്പെടുത്തി ചേർത്തുനിർത്തി വിഡിയോ എടുത്തു സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു. കഴിഞ്ഞ 14ന് അഴീക്കൽ ബീച്ചിൽ ആളൊഴിഞ്ഞ പ്രദേശത്തായിരുന്നു സംഭവം. സ്വകാര്യ സ്ഥാപനത്തിലെ താൽക്കാലിക ജീവനക്കാരും സുഹൃത്തുക്കളുമായ ശൂരനാട് സ്വദേശി പത്തൊൻപതുകാരിയും പാലക്കാട് സ്വദേശിയായ യുവാവും വൈകിട്ടാണു ബീച്ചിലെത്തിയത്.
ബീച്ചിൽ ശുചിമുറി സൗകര്യമില്ലാത്തതിനാൽ സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്തേക്കു പോയപ്പോൾ സദാചാര ഗുണ്ടാസംഘം അക്രമിച്ചെന്നായിരുന്നു പരാതി. യുവതിയെ അപമാനിക്കാൻ ശ്രമിച്ചതു തടഞ്ഞ യുവാവിനെ സംഘം ചേർന്നു മർദിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് യുവതിയും യുവാവും പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അഞ്ചു പേരെ അറസ്റ്റ് ചെയ്തത്.