ബഹ്റൈൻ പ്രതിഭ സാഹിത്യ വേദി കുഞ്ഞുണ്ണി മാഷ് അനുസ്മരണം നടത്തി

മനാമ: പൊക്കമില്ലാത്തതാണ് എൻ്റെ പൊക്കം എന്ന് സ്വയം വിശേഷിപ്പിക്കുകയും, വായിച്ചാൽ വളരും വായിച്ചില്ലേൽ വളയും എന്ന് അന്യർക്ക് ദർശനം നൽകുകയും , മലയാളത്തിൻ്റെ ബാലസാഹിത്യം സമ്പുഷ്ടമാക്കുകയും ചെയ്ത കവി കുഞ്ഞുണ്ണി മാഷ് അനുസ്മരണം പ്രതിഭ ഹാളിൽ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ അതീവ ഭംഗിയായി അവതരിപ്പിക്കപ്പെട്ടു.സാഹിത്യ വേദി ജോയൻ്റ് കൺവീനർ ധന്യ വയനാട് സ്വാഗതം പറഞ്ഞ പരിപാടിയിൽ സാഹിത്യ വേദി കൺവീനർ സുരേഷ് വേണാട്ട് അധ്യക്ഷനായി. കുഞ്ഞുണ്ണിമാഷ് അനുസ്മരണം കൊച്ചു കൂട്ടുകാരി ഋഷിത മഹേഷും, കുഞ്ഞുണ്ണി മാഷ് വരികളുടെ വിശകലനം ഇന്ത്യൻ സ്ക്കുൾ അധ്യാപിക ശ്രീജാദാസും നടത്തി. പ്രതിഭ പ്രസിഡന്റ് ബിനു മണ്ണിൽ പരിപാടിക്ക് ആശംസ അർപ്പിച്ചു സംസാരിച്ചു. സാഹിത്യ വേദി എക്സിക്യൂട്ടീവ് അംഗം സുരേഷ് വീരച്ചേരി നന്ദി അറിയിച്ചു.
തുടർന്ന് കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾ അരങ്ങേറി. പ്രതിഭയുടെ വിവിധ യൂണിറ്റുകളിലെ 15 കുട്ടികൾ കുഞ്ഞുണ്ണി കവിതകൾ ആലപിച്ചു.. രാജേഷ് കോട്ടയം, പവിത്രൻ പാലേരി എന്നിവർ സ്വന്തം കൃതി അവതരിപ്പിച്ചു. വത്സരാജ് പുസ്തക പരിചയം നടത്തി. മുഹറഖ് മേഖല അവതരിപ്പിച്ച ” ജമീലാന്റെ കോഴി “എന്ന സ്കിറ്റും, റിഫാ മേഖലയുടെ കുഞ്ഞുണ്ണി മാഷും കുട്ട്യോളും എന്ന സ്കിറ്റും തിങ്ങി നിറഞ്ഞ സദസ്സിന് കുഞ്ഞുണ്ണി മാഷേ കുറിച്ചും , ശാസ്ത്രത്തെ കുറിച്ചുമുള്ള അറിവും വിനോദവും പകർന്ന് നൽകി