ബഹ്‌റൈൻ സിംസ് വർക്ക് ഓഫ് മേഴ്സി അവാർഡ് 2026

മനാമ: മനുഷ്യസ്നേഹത്തിന്റെയും നിസ്വാർത്ഥ സേവനത്തിന്റെയും മഹത്തായ മാതൃകകളെ ആദരിക്കുന്നതിനായി ബഹ്റൈൻ സീറോ മലബാർ സൊസൈറ്റി (സിംസ്) ഏർപ്പെടുത്തിയ സിംസ് വർക്ക് ഓഫ് മേഴ്സി അവാർഡ് 2026 ബഹ്റൈനിലെ നഴ്സിംഗ് സമൂഹത്തിന് സമർപ്പിക്കും. ബഹ്റൈൻ കാത്തലിക് നഴ്സസ് മിനിസ്ട്രിക്കാണ് ഈ വർഷത്തെ പുരസ്കാരം നൽകുന്നത്. കൂടാതെ, ബഹ്റൈനിലെ വിവിധ ആശുപത്രികളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട 100 നഴ്സുമാരെയും അവരുടെ നിസ്വാർത്ഥ സേവനങ്ങളെ മാനിച്ച് പ്രത്യേകം ആദരിക്കുമെന്ന് സിംസ് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.രോഗികൾക്ക് ചികിത്സയ്ക്കൊപ്പം ആശ്വാസവും കരുതലും ആത്മവിശ്വാസവും പ്രതീക്ഷയും പകർന്നുനൽകുന്ന നഴ്സുമാരുടെ സേവനം മനുഷ്യസ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ഉജ്ജ്വല മാതൃകയാണ്. രോഗത്തിന്റെയും വേദനയുടെയും ഭയത്തിന്റെയും നിർണായക നിമിഷങ്ങളിൽ രോഗികൾക്ക് താങ്ങും തണലുമായി മാറുന്ന നഴ്സുമാരുടെ സമർപ്പണത്തെ ആദരിക്കുന്നതിന്റെ ഭാഗമായാണ് ഈ വർഷത്തെ പുരസ്കാരം ബഹ്റൈനിലെ നഴ്സിംഗ് സമൂഹത്തിന് സമർപ്പിക്കുമെന്നും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.2026 ഒക്ടോബർ 17 ശനിയാഴ്ച വൈകുന്നേരം 7.30ന് ബഹ്റൈനിലെ അദാരി പാർക്കിലുള്ള ന്യൂ സീസൺ ഹാളിലാണ് പുരസ്കാരദാന ചടങ്ങ് നടക്കുന്നത്. നോർത്തേൺ അറേബ്യയുടെ അപ്പോസ്തോലിക് വികാർ ബിഷപ്പ് ആൽദോ ബറാർഡിയും ഡോ. ഹസ്സൻ ഈദ് ബുഖമ്മസ് എം.പിയും മുഖ്യാതിഥികളായിരിക്കും. സിംസ് പ്രസിഡന്റ് പി.ടി. ജോസഫ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി നെൽസൺ വർഗീസ് സ്വാഗതം പറയും. സിംസ് വർക്ക് ഓഫ് മേഴ്സി അവാർഡ് ജനറൽ കൺവീനർ ബെന്നി വർഗീസ്, ലേഡീസ് വിങ് പ്രസിഡന്റ് സ്റ്റെഫി മരിയ അരുൺ എന്നിവരും ബഹ്റൈനിലെ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും ആശംസകൾ നേർന്ന് സംസാരിക്കും. ബഹ്റൈൻ കാത്തലിക് നഴ്സസ് മിനിസ്ട്രിയുടെ നാഷണൽ കോർഡിനേറ്റർമാരായ വിനി ജിമ്മിയും ജിംഷി ജോസും ചേർന്ന് മുഖ്യാതിഥികളിൽനിന്ന് പുരസ്കാരം ഏറ്റുവാങ്ങും.2012ൽ ആരംഭിച്ച സിംസ് വർക്ക് ഓഫ് മേഴ്സി അവാർഡ്, മനുഷ്യസ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും സാമൂഹിക പ്രതിബദ്ധതയുടെയും മികച്ച മാതൃകകളെ സമൂഹത്തിന് പരിചയപ്പെടുത്തുകയും അവരുടെ നിസ്വാർത്ഥ സേവനങ്ങളെ ആദരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് നൽകിവരുന്നത്.2012ലെ പ്രഥമ പുരസ്കാരം കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ ചെയർമാനും അവയവദാന ബോധവൽക്കരണ രംഗത്തെ പ്രമുഖനുമായ റവ. ഫാ. ഡേവിസ് ചിറമേൽ ഏറ്റുവാങ്ങി. തുടർന്ന് 2015ൽ ബഹ്റൈൻ ഡിസേബിൾഡ് സൊസൈറ്റി ചെയർമാൻ ഷെയ്ഖ് ദുഐജ് അൽ ഖലീഫ ബിൻ അൽ ഖലീഫ, 2016ൽ നവജീവൻ ട്രസ്റ്റ് സാരഥി പി.യു. തോമസ്, 2017ൽ ഭവനരഹിതർക്കായിബൈത്തുൽ റഹ്മ പദ്ധതി നടപ്പാക്കിയ കെ.എം.സി.സി ബഹ്റൈൻ, 2018ൽ ഡോ. എം.എസ്. സുനിൽ, 2019ൽ സാമൂഹിക പ്രവർത്തക ദയാബായി, 2024ൽ മഹർ ഫൗണ്ടേഷൻ സ്ഥാപക സിസ്റ്റർ ലൂസി കുര്യൻ എന്നിവർ പുരസ്കാരത്തിന് അർഹരായി.സിംസ് ഭരണസമിതി അംഗങ്ങളായ ജേക്കബ് വാഴപ്പിള്ളി, ജിമ്മി ജോസഫ്, ജോബി ജോസഫ്, ഷാജി സെബാസ്റ്റ്യൻ, ജെയ്സൺ മഞ്ഞളി, സിബു ജോർജ്, സോബിൻ ജോസ്, ലേഡീസ് വിങ് വൈസ് പ്രസിഡന്റ് ജിൻസി ലിയോൺസ്, സെക്രട്ടറി മേരി രഞ്ജിത്ത്, മറ്റ് കമ്മിറ്റി അംഗങ്ങൾ, സിംസിന്റെ മുൻ പ്രസിഡന്റുമാർ എന്നിവർ ചടങ്ങിന് നേതൃത്വം നൽകും.വാർത്താസമ്മേളനത്തിൽ സിംസ് പ്രസിഡന്റ് പി.ടി. ജോസഫ്, ജനറൽ സെക്രട്ടറി നെൽസൺ വർഗീസ്, വൈസ് പ്രസിഡന്റ് ജിമ്മി ജോസഫ്, അവാർഡ് ജനറൽ കൺവീനർ ബെന്നി വർഗീസ്, ഭരണസമിതി അംഗങ്ങളായ ജേക്കബ് വാഴപ്പിള്ളി, ജോബി ജോസഫ്, ഷാജി സെബാസ്റ്റ്യൻ, ജെയ്സൺ മഞ്ഞളി, സിബു ജോർജ്, സോബിൻ ജോസ്, മുൻ പ്രസിഡന്റുമാരായ ഫ്രാൻസിസ് കൈതാരത്ത്, പോൾ ഉറുവത്ത് എന്നിവർ പങ്കെടുത്തു.