ദോഹ∙ ഖത്തറിൽ ഒറ്റത്തവണ ഉപയോഗിച്ച് കളയുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് ഏർപ്പെടുത്തിയ നിരോധനം നവംബർ 15 മുതൽ പ്രാബല്യത്തിലാകും. ബോധവൽക്കരണ ക്യാംപെയ്‌നുമായി നഗരസഭകൾ.
പുതിയ ചട്ടം അനുസരിച്ച് സ്ഥാപനങ്ങൾ, കമ്പനികൾ, ഷോപ്പിങ് സെന്ററുകൾ എന്നിവിടങ്ങളിലെല്ലാം പാക്കേജിങ്, അവതരണം, വിതരണം, സാധനങ്ങൾ കൊണ്ടുപോകൽ, ഉൽപന്നങ്ങൾ കൊണ്ടു പോകൽ തുടങ്ങി എല്ലാത്തരം വ്യാപാര ചരക്കുകളിലും ഒറ്റത്തവണ ഉപയോഗിച്ച് കളയുന്ന പ്ലാസ്റ്റിക് ബാഗുകൾ ഉപയോഗിക്കാൻ പാടില്ല. അതേസമയം പ്ലാസ്റ്റിക് ബാഗുകൾക്കു പകരമായി ഒന്നിലധികം തവണ ഉപയോഗിക്കാവുന്നവ, വേഗത്തിൽ നശിച്ചു പോകുന്ന സാമഗ്രി കൊണ്ടു നിർമ്മിച്ചവ, കടലാസോ തുണിയോ കൊണ്ട് നിർമിച്ച ബാഗുകൾ എന്നിവ ഉപയോഗിക്കാം. എന്നാൽ ഈ ബാഗുകളിൽ അവയുടെ വിഭാഗം അനുസരിച്ച് നശിക്കുന്നതോ പുനരുപയോഗിക്കാൻ കഴിയുന്നതോ ആണെന്ന് വ്യക്തമായി സൂചിപ്പിക്കുന്ന ചിഹ്നം അച്ചടിച്ചിരിക്കണമെന്നും വ്യവസ്ഥ ചെയ്യുന്നുണ്ട്.നഗരസഭാ മന്ത്രിയുടെ 2022 ലെ 143-ാം നമ്പർ തീരുമാനപ്രകാരമാണ് നവംബർ 15 മുതൽ ഒറ്റത്തവണ ഉപയോഗിച്ച് കളയുന്ന പ്ലാസ്റ്റിക് ബാഗുകൾ നിരോധിക്കുന്നത്.