സീറോ മലബാർ പുരോഹിതരുടെ ചൂഷണത്തിനെതിരെ വിശ്വാസികൾ പ്രതിഷേധിച്ചു

അയർലൻഡ് : അയർലണ്ടിലെ കോർക്കിൽ സീറോ മലബാർ സഭയുടെ പേരിൽ സ്വകാര്യ ട്രസ്റ്റുണ്ടാക്കി സീറോ മലബാർ പുരോഹിതർ വിശ്വാസത്തിന്റെ പേരിൽ നടത്തുന്ന ചൂഷണത്തിനെതിരെ പ്രവാസി കത്തോലിക്കർ പ്രതിഷേധിച്ചു. സീറോ മലബാർ കുർബാന നടക്കുന്ന കോർക്കിലെ വിൽട്ടൻ സെ. ജോസഫ് പള്ളിക്ക് മുൻപിലാണ് ഞായറാഴ്ച വൈകുന്നേരം 4:30 മുതൽ കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ പ്രതിഷേധിച്ചത്. കഴിഞ്ഞ നാലാഴ്ചയായി അൻപതിൽ പരം കുട്ടികൾക്ക് വേദപാഠം നിഷേധിക്കപ്പെട്ട സാഹചര്യത്തിൽ പ്രതിഷേധം സംഘടിപ്പിച്ചപ്പോൾ പള്ളി വികാരി ഫാ. മൈക്കൾ ഒ’ലേരിയുടെ മധ്യസ്ഥതയിൽ സീറോ മലബാർ ചാപ്ലൈൻ ഫാ. ജിൽസനുമായി ചർച്ച നടത്താൻ തീരുമാനമായി.

സീറോ മലബാർ വിശ്വാസികൾക്കായി കോർക്ക് രൂപത അനുവദിച്ചിരിക്കുന്ന കുർബാനയും വേദപാഠവുമടക്കമുള്ള സേവനങ്ങൾ പ്രസ്‌തുത ട്രസ്റ്റിൽ ചേർന്നു പണം കൊടുക്കാത്തവർക്ക് സേവനങ്ങൾ കൊടുക്കില്ലെന്നു പറഞ്ഞു വിശ്വാസികളെ പീഡിപ്പിച്ചു വരികയായിരുന്നു. അധികാരികളുടെ അനുവാദമില്ലാതെ ഫാ. സിബി അറക്കലിന്റെയും സണ്ണി ജോസഫിന്റെയും നേതൃത്വത്തിൽ തുടങ്ങിയ വ്യാജട്രസ്റ്റിന്റെ നിലവിലെ ട്രസ്റ്റിമാരിൽ ഫാ. ജിൽസൻ കോക്കണ്ടത്തിൽ, ഡിനോ ജോർജ്ജ്, സോണി വിതയത്തിൽ, ഷിന്റോ ജോസ് എന്നിവരുൾപ്പെടുന്നു. വ്യാജട്രസ്റ്റിനും അതിലുൾപ്പെട്ട പുരോഹിതർക്കുമെതിരെ കോർക്കിലെ മെത്രാനും സീറോ മലബാർ സഭാധികാരികൾക്കും പരാതികൾ സമർപ്പിച്ചിട്ടുണ്ടെന്നും കോർക്കിലെ സീറോ മലബാർ കമ്മ്യൂണിറ്റി വക്താവ്‌ അറിയിച്ചു. “സീറോ മലബാർ കാത്തലിക്ക് ചർച്ച് ഓഫ് കോർക്ക്” എന്ന പേരിൽ പുതിയതായി ഉണ്ടാക്കിയ ട്രസ്റ്റിനെ പറ്റി സീറോ മലബാർ മേജർ ആർച്ച്ബിഷപ്പിന്റെ അഭിപ്രായവും സഭയുടെ നിലപാടും ആരാഞ്ഞിരുന്നു. പ്രസ്തുത ട്രസ്റ്റിന്റെ ഉത്തരവാദിത്വം സീറോ മലബാർ സഭ ഏറ്റെടുക്കാതിരുന്ന സാഹചര്യത്തിൽ കൂടിയാണ് പ്രതിഷേധവുമായി മുന്നോട്ടുപോകാൻ വിശ്വാസികൾ നിർബന്ധിതരായത്.

കത്തോലിക്കാ രാജ്യമായ അയർലണ്ടിൽ പ്രവാസികളായ കത്തോലിക്കർക്കും സേവനങ്ങൾ ഐറിഷ് കത്തോലിക്ക സഭ നല്കുമെന്നിരിക്കെ വേദപാഠത്തിന്റെയും വിവാഹത്തിനുള്ള സർട്ടിഫിക്കറ്റിന്റെയും മറ്റും പേരിൽ പണം പിരിക്കാനും സീറോ മലബാർ സഭയിലെ പുരോഹിതർ ശ്രമിക്കുന്നതായി വ്യാപക പരാതി ഉയർന്നിരിക്കുന്ന സാഹചര്യത്തിൽ ആണ് സഭയുടെ പേരിൽ തന്നെ വ്യാജട്രസ്റ്റു രൂപീകരിച്ചു വിശ്വാസികളെ ചൂഷണം ചെയ്യുന്നത്‌. കോർക്കിലെ ട്രസ്റ്റിൽ ചേർന്നവർത്തന്നെ ട്രസ്റ്റിന്റെ മറവിൽ സാമ്പത്തികതിരിമറി നടന്നതായി ആരോപണമുന്നയിക്കുന്നുണ്ട്. അയർലണ്ടിലെ സീറോ മലബാർ പുരോഹിതരുടെ ഇത്തരം നടപടികൾ സഭയ്ക്കും വിശ്വാസികൾക്കും കൂടുതൽ നാണക്കേട് ഉണ്ടാക്കിയിരിക്കുകയാണ്.