സീരിയൽ കില്ലർ ഭീതിയിൽ ബെംഗളൂരു

കർണാടക :ബെംഗളൂരുവിൽ കഴിഞ്ഞ മൂന്ന് മാസത്തിനിടെ മൂന്ന് യുവതികളുടെ മൃതദേഹങ്ങള്‍, അതും നഗരത്തിലെ ഏറ്റവും തിരക്കേറിയ റെയില്‍വേ സ്റ്റേഷനില്‍ പ്ലാസ്റ്റിക് വീപ്പയിലാക്കി മൂന്നും ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. കൊല്ലപ്പെട്ട മൂന്ന് പേരേയും തിരിച്ചറിയാനും സാധിച്ചിട്ടില്ല, മൂന്ന് കൊലപാതകങ്ങളിലും സമാനതകള്‍ കണ്ടെത്തിയതോടെ സീരിയല്‍ കില്ലറെന്ന നിഗമനത്തിലേക്ക് പോലീസ് എത്തിയത് .ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ എസി റെയിൽവേ സ്റ്റേഷനായ ബെംഗളൂരുവിലെ എസ് എം വി ടി റെയില്‍വേ സ്റ്റേഷനിലാണ് ഏറ്റവും ഒടുവില്‍ മൃതദേഹം കണ്ടെത്തിയത്. തിരക്കേറിയ റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ വീപ്പയില്‍ നിന്നു ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് തുണികൊണ്ട് മൂടിയ നിലയിലുള്ള സ്ത്രീയുടെ മൃതദേഹം കണ്ടെത്തുന്നത്.കഴിഞ്ഞ മൂന്ന് മാസത്തിനിടെ സമാനമായ രീതിയില്‍ മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയതോടെയാണ് സീരിയല്‍ കില്ലർ ഗ്യാങ് എന്ന സംശയത്തിലേക്ക് പോലീസ് എത്തിയത്. നഗരത്തിലെ പ്രധാന റെയില്‍വേ സ്റ്റേഷനായ ബൈപ്പനഹള്ളി റെയിൽവേ സ്റ്റേഷനിലാണ് ഈ കൂട്ടത്തിലെ ആദ്യ മൃതദേഹം കണ്ടെത്തുന്നത്. ഡിസംബർ 6 നായിരുന്നു അത്. റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിനുള്ളിലെ കംപാർട്ടുമെന്റിനുള്ളിൽ 30 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. ജനുവരി 4 ന് ബെംഗളൂരു യന്ത്വന്ത്‌പുര റെയില്‍വേ സ്റ്റേഷനിൽ നിന്നാണ് രണ്ടാമത്തെ മൃതദേഹം കണ്ടെത്തുന്നത്. വീപ്പക്കുള്ളിലാക്കി ഉപേക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. അന്ന് ഈ രണ്ട് സംഭവങ്ങളേയും രണ്ട് കേസുകളായി തന്നെയായിരുന്നു പോലീസ് അന്വേഷിച്ചത് എന്നാല്‍ സമാനമായ നിലയില്‍ മൂന്നാമത്തെ മൃതദേഹവും കണ്ടെത്തിയതോടെ മൂന്ന് കേസുകളും കൂട്ടിയോജിപ്പിച്ചുകൊണ്ടുള്ള അന്വേഷണമാണ് ബെംഗളൂരു പോലീസ് നടത്തുന്നത്.
കർണാടക, ആന്ധ്രാ പ്രദേശ്, കേരളം തുടങ്ങിയ വിവിധ അയല്‍ സംസ്ഥാനങ്ങിലെ മിസ്സിങ് കേസുകളും പോലീസ് പരിശോധിക്കുന്നുണ്ട്.