ലണ്ടന്‍: കാലാവസ്ഥ കലുഷിതമാകുമെന്നും പ്രക്ഷുബ്ധമായ കടലിനു സമീപം ജാഗ്രത പാലിക്കണമെന്നുമുള്ള മുന്നറിയിപ്പിനിടയിലും ഇരട്ട ബീച്ച് ദുരന്തം. 24 മണിക്കൂറുനുള്ളില്‍ കടലില്‍ കുളിക്കാനിറങ്ങിയ മൂന്നുപേരാണ് മരണമടഞ്ഞത്. ആബര്‍ദീനില്‍ അമ്മയും ഏഴുവയസുകാരന്‍ മകനും തിരയില്‍പ്പെട്ട് മരിച്ചപ്പോള്‍ മറ്റൊരു മര
ണം റിപ്പോര്‍ട്ട് ചെയ്തത് കോണ്‍വാളിലെ ബീച്ചില്‍നിന്നാണ്. സ്‌കോട്‌ലന്‍ഡിലെ ആബര്‍ദീനില്‍ ഏഴുവയസുകാരന്‍ മകനൊപ്പം മുപ്പത്തേഴുകാരി അമ്മയാണ് മരിച്ചത്. തിരയില്‍പ്പെട്ട ഇരുവരെയും രക്ഷാപ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. കോണ്‍വാളില്‍ ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം കടലിലിറങ്ങിയ സറേ സ്വദേശിയായ ഗൃഹനാഥനാണ് മരിച്ചത്.
രണ്ടിടത്തും കുടുംബാംഗങ്ങള്‍ക്കൊപ്പം തിരയില്‍ സമയംകൊല്ലാനിറങ്ങിയവരാണ് ദുരന്തത്തില്‍പ്പെട്ടത്. ആബര്‍ദീനില്‍ ഇന്നലെ വൈകുന്നേരം നാലേമുക്കാലോടെയാണ് ദുരന്തമുണ്ടായത്. രണ്ടുമക്കള്‍ക്കൊപ്പമാണ് യുവതി തിര ആസ്വദിച്ച് കടലില്‍ ഇറങ്ങിയത്. മൂവരും തിരയില്‍പ്പെട്ടതോടെ സമീപത്തുണ്ടായിരുന്നവര്‍ രക്ഷാപ്രവര്‍ത്തനത്തിറിങ്ങി. മൂവരെയും വെള്ളത്തില്‍നിന്നു കരയ്‌ക്കെത്തിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും അമ്മയും ഒരുമകനും മരിച്ചു. 13 വയസുകാരനായ കുട്ടിക്കുപുറമേ ഇവരെ രക്ഷിക്കാനിറങ്ങിയ 25 വയസുള്ള യുവതിയും ഇരുപത്തെട്ടുകാരനായ യുവാവും ആശുപത്രിയില്‍ ചികിത്സയിലാണ്.
വെള്ളിയാഴ്ച വൈകിട്ട് 5.20 ഓടെയാണ് കോണ്‍വാളില്‍ ദുരന്തമുണ്ടായത്. ന്യൂക്വേയിലുള്ള ഫിസ്ട്രാള്‍ ബീച്ചിലെ തിരയില്‍പ്പെട്ടാണ് ഗൃഹനാഥന്‍ മരിച്ചത്. 999 നമ്പരില്‍ ലഭിച്ച് അടിയന്തര സന്ദേശം ലഭിച്ചയുടന്‍ സംഭവസ്ഥലത്തു പാഞ്ഞെത്തിയ സുരക്ഷാസേനാംഗങ്ങള്‍ തിരയില്‍പ്പെട്ട കുടുംബത്തിലെ സ്ത്രീയെ ലൈഫ് ജാക്കറ്റ് നല്‍കി കരയിലെത്തിച്ചു. ഗൃഹനാഥനെയും മകളെയും ബോട്ടില്‍ കരയ്‌ക്കെത്തിച്ചശേഷം വിമാനമാര്‍ഗം ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഗൃഹനാഥന്‍ മരിച്ചു. പെണ്‍കുട്ടി അപകടനില തരണം ചെയ്തതായാണ് വിവരം. അപകടത്തില്‍പ്പെട്ട കുടുംബത്തിലെ രണ്ടു കുട്ടികള്‍കൂടി തിരയിലകപ്പെട്ടെങ്കിലും പാറയില്‍ പിടിച്ചുകിടന്നത് രക്ഷയായി. ഇവര്‍ നിസാര പരുക്കുകളോടെ രക്ഷപ്പെടുകയും ചെയ്തു.
അതേസമയം അടുത്ത മണിക്കൂറുകളില്‍ കാലാവസ്ഥ കലുഷിതമാകാനുള്ള സാധ്യതയുണ്ടെന്നും സാധാരണയിലുമധികം വേഗത്തില്‍ കാറ്റുവീശാനും മഴയ്ക്കും സാധ്യതയുണ്ടെന്നുമാണ് മുന്നറിയിപ്പ്. കാറ്റിന്റെ വേഗം മണിക്കൂറില്‍ അറുപതു മൈല്‍വരെയായേക്കാം. കടല്‍ പ്രക്ഷുബ്ധമാകുമെന്ന മുന്നറിയിപ്പുമുണ്ട്. തിരയ്‌ക്കൊപ്പം സെല്‍ഫിയെടുക്കുന്നത് അപകടം ക്ഷണിച്ചുവരുത്താന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. ഡോര്‍സെറ്റ്, ഡെവണ്‍, കോണ്‍വാള്‍, സോമര്‍സെറ്റ്, സൗത്ത് വെയില്‍സ് എന്നിവിടങ്ങളിലായിരിക്കും കാറ്റും മഴയും കൂടുതല്‍ നാശം വിതയ്ക്കുകയെന്നും കാലാവസ്ഥാ കേന്ദ്രങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.