സാമ്പത്തിക തകർച്ചയിൽ ബൈജൂസ് ആപ്പ്

ബെംഗളൂരു:വരുമാനം കൂടുതൽ കാണിക്കുകയും കൃത്യമായി ഓഡിറ്റിംഗ് ചെയ്യാത്തതിനെ തുടർന്ന് അന്വേഷണ ഏജൻസിയുടെ വലയത്തിൽ കുടുങ്ങിയ ബൈജൂസ്‌ ആപ്പ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. 2020 ൽ കോവിഡിനെ തുടർന്ന് പഠനരീതി ഓൺലൈനിലേക്ക് മാറിയപ്പോൾ വൻ ലാഭമുണ്ടാക്കിയ സ്വകാര്യ വിദ്യാഭ്യാസ സ്റ്റാർട്ട് അപ്പ് ആണ് ബൈജൂസ് .ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജെഴ്സിയിൽ ഇടം നേടി. ലോകമെമ്പാടും നിരവധി കമ്പനികൾ വാങ്ങി ബൈജൂസ്‌ വളർന്നു. എന്നാൽ വളരെ പെട്ടന്നായിരുന്നു തകർച്ച സംഭവിച്ചത്.കൃത്യമായി ഓഡിറ്റിംഗ് നടത്താതെ വരവ് ചിലവുകൾ ബോധിപ്പിക്കാതെ ചീഫ് ഫിനാൻഷ്യർ ഓഫീസർ പോലുമില്ലതാണ് ബൈജൂസ്‌ നിലനിന്നത്.കൂടുതൽ മൂലധനം കിട്ടാൻ വരുമാനം കൂടുതൽ കാണിച്ചതും വിദേശ വിനിമയ ചട്ടം മറികടന്നു ഇടപാടുകൾ നടത്തിയതിനെത്തുടർന്ന് ഇഡി അന്വേഷണം നടത്തുകയും ചെയ്തു.ഫിനാൻഷ്യൽ സ്റ്റേറ്റ്‌മെന്റുകൾ സമർപ്പിക്കുന്നതിലെ കാലതാമസം ചൂണ്ടിക്കാട്ടിയാണ് ജൂണിൽ ബൈജൂസിന്റെ ഓഡിറ്റർ സ്ഥാനത്തുനിന്ന് ബഹുരാഷ്ട്ര ധനകാര്യ സ്ഥാപനമായ ഡെലോയിറ്റ് രാജിവെച്ചത്. ഡയറക്ടർമാരായ ജിവി രവിശങ്കർ, റസ്സൽ ഡ്രെസെൻസ്റ്റോക്ക്, വിവിയൻ വു എന്നിവരും ബൈജുവിന്റെ ബോർഡിൽ നിന്ന് രാജിവച്ചിരുന്നു.കഴിഞ്ഞ മാസം കമ്പനിയുടെ മൂല്യനിർണ്ണയം 8.2 ബില്യൺ ഡോളറായി കുറഞ്ഞിരുന്നു. 2022 ൽ ബൈജൂസ്‌ രണ്ട് തവണകളിലായി 3,000-ത്തിലധികം പേരെ പിരിച്ച് വിടുകയും ചെയ്തിരുന്നു.കമ്പനിയുടെ ബെംഗളൂരുവിലെ ഏറ്റവും വലിയ രണ്ട് ഓഫീസ് സ്ഥലം ഒഴിഞ്ഞിരിക്കുകയാണ് ബൈജൂസ് . 5.58 ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള കല്യാണി ടെക് പാർക്കാണ് കഴിഞ്ഞദിവസം ഒഴിഞ്ഞത്. കൂടാതെ പ്രസ്റ്റീജ് ടെക് പാർക്കിലെ മറ്റൊരു ഓഫീസ് സ്പെയ്സും ബൈജൂസ് ഒഴിഞ്ഞു. ഈ കെട്ടിടത്തിൽ ഉണ്ടായിരുന്ന ഒമ്പത് നിലകളിൽ രണ്ടെണ്ണമാണ് ഒഴിഞ്ഞത്. ഈ കഴിഞ്ഞ 23 മുതൽ, ജീവനക്കാരോട് അവരുടെ വീടുകളിൽ നിന്നോ മറ്റോ ജോലി ചെയ്യാൻ കമ്പനി ആവശ്യപ്പെട്ടിരിക്കുകയാണ് .