കൊച്ചി : സംസ്ഥാന സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് കേന്ദ്രസർക്കാരിന്റെ യാത്ര വിലക്ക്. സാംസ്കാരിക വകുപ്പ് സംഘടിപ്പിക്കുന്ന മലയാളം മിഷൻ പരിപാടികൾക്കായി ബഹ്റൈൻ , ദുബായ് സന്ദർശനത്തിന് അനുമതി ചോദിച്ചിരുന്നെങ്കിലും കേന്ദ്രം അനുമതി നിഷേധിച്ചു . മലയാളം മിഷന്റെ പ്രചാരണാര്‍ഥം 12 ന് രാവിലെ അജ്മാൻ ഹാബിറ്റാറ്റ് സ്കൂളില്‍ മലയാളം ക്ലബ്ബിന്റെ ഉദ്ഘാടനം നടക്കുമെന്ന് സംഘാടകർ വ്യക്തമാക്കിയിരുന്നു .അന്നേ ദിവസം വൈകുന്നേരം 4 .30 നു ബഹ്റൈൻ കേരളീയ സമാജത്തിൽ നടക്കുന്ന മലയാളം മിഷനും പ്രവേശനോത്സവവും വെബ്സൈറ്റ് പ്രകാശനവും നിർവഹിക്കുമെന്ന് സമാജം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു .അബൂദബിയിൽ നടക്കുന്ന നിക്ഷേപക സംഗമത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ മുഹമ്മദ് റിയാസ് , പി. രാജീവ്, എന്നിവർക്കും കേന്ദ്രം മുൻപ് അനുമതി നിഷേധിച്ചിരുന്നു. അവസാന നിമിഷമാണ് അനുമതി ഇല്ല എന്നുള്ള വിവരം ലഭ്യമായത് , അതിനാൽ യാത്ര റദ്ദാക്കിയതായി മന്ത്രിയുടെ ഓഫിസ് വൃത്തങ്ങൾ അറിയിച്ചു.