മുഖ്യമന്ത്രി പിണറായി വിജയൻ ഗൾഫിലെ പ്രധാന സംഘടനാപ്രതിനിധികളുമായി സൂമിൽ ചർച്ച നടത്തി

ബഹ്‌റൈൻ : 2021 ജൂലൈ 9 വെള്ളിയാഴ്ച ബഹു. കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഗൾഫിലെ പ്രധാന സംഘടനാപ്രതിനിധികളുമായി സൂമിൽ ചർച്ച നടത്തി. മുഖ്യമന്ത്രിയോടൊപ്പം ചീഫ് സെക്രട്ടറി ഡോ. വി പി ജോയി, മുൻ ചീഫ് സെക്രട്ടറി ഡോ. കെ എം എബ്രഹാം, നോർക്ക സെക്രട്ടറി ഡോ. ഇളങ്കോവൻ എന്നിവർ പങ്കെടുത്തു.ഐ ടി വിദ്യാഭ്യാസത്തിന്റെ ഭാഗമായി കേരളത്തിലെ മുഴുവൻ വിദ്യാർഥികൾക്കും ലാപ്ടോപ് അല്ലെങ്കിൽ ടാബ് നൽകുന്ന വിപ്ലവകരമായ പദ്ധതിയെക്കുറിച്ച് സംസാരിക്കാനും അതിനു പ്രവാസികളുടെ സഹായം അഭ്യർത്ഥിക്കുന്നത്തിനുമാണ് മുഖ്യമന്ത്രി പ്രത്യേകയോഗം വിളിച്ചത്.
പ്രസ്തുതയോഗത്തിൽ ബഹ്‌റൈനിൽ നിന്നും സംഘടനകളെ പ്രതിനിധീകരിച്ചു ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ്‌ പി വി രാധാകൃഷ്ണപിള്ളയേയാണ് സംസാരിക്കാൻ ക്ഷണിച്ചത്.
കേരളസർക്കാറിന്റെ പ്രസ്തുത പദ്ധതിക്ക് പിന്തുണ നൽകുകയും കഴിയാവുന്ന വിധത്തിൽ ബഹ്‌റൈനിൽ നിന്ന് സാമ്പത്തിക സമാഹരണം നടത്താമെന്നു യോഗത്തിൽ അദ്ദേഹം അറിയിച്ചു.
കൂടാതെ താഴെപ്പറയുന്ന പ്രവാസി പ്രശ്നങ്ങളിൽ അനുകൂലനടപടികൾ ഉണ്ടാകണമെന്ന് രാധാകൃഷ്ണപിള്ള ആവശ്യപ്പെട്ടു.
1. കോവിഡും കോവിഡാനന്തരരോഗങ്ങളും മൂലം ഗൾഫിൽ മരണപ്പെടുന്ന പ്രവാസികളുടെ പേരുകൾ നാട്ടിൽ മരണപ്പെടുന്നവരുടെ ലിസ്റ്റിൽ ഉൾപ്പെടുത്തി അവരുടെ കുടുംബങ്ങൾക്ക് മതിയായ സാമ്പത്തിക സഹായം നൽകുകയും അവരെ പുനരധിവസിപ്പിക്കുകയും ചെയ്യുക
2. ഗൾഫിൽ ശമ്പളം കിട്ടാതെയും ബിസിനസ്‌ തകർന്നും കേസുകളിൽപെട്ടും കഷ്ടപ്പെടുന്ന പ്രവാസികളെ സഹായിക്കാൻ ഗവണ്മെന്റ് സത്വരമായി ഇടപെടുക.
3. കോവിഡ് മൂലം യാത്രാനിബന്ധനകൾ ഉള്ളതിനാൽ KEAM ( കേരള എഞ്ചിനീയറിംഗ് & മെഡിക്കൽ പ്രവേശനപരീക്ഷ) ന്റെ പരീക്ഷാകേന്ദ്രങ്ങൾ എല്ലാ ഗൾഫ് സ്റ്റേറ്റുകളിലും ഈ വർഷം തന്നെ ആരംഭിക്കുക.