ഒമാനിലെ നിര്‍മാണ മേഖലയില്‍ നിലവില്‍ അനുഭവപ്പെടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമായി ജീവനക്കാര്‍ക്ക് പൊതുവിസ നല്‍കണമെന്ന് കെട്ടിട നിര്‍മാതാക്കള്‍ ആവശ്യമുന്നയിച്ചു. ഈ ആവശ്യമുന്നയിച്ച് മാനവ വിഭവശേഷി മന്ത്രാലയത്തെ സമീപിച്ചതായി ഒമാന്‍ കോണ്‍ട്രാക്ടേഴ്സ് സൊസൈറ്റി അധികൃതര്‍ പറയുന്നു.ഒമാനിലെ നിര്‍മാണ മേഖലയില്‍ 6,81,590 വിദേശികളും 55,124 സ്വദേശികളും സേവനമനുഷ്ഠിക്കുന്നുണ്ട്. രാജ്യത്തെ ഏറ്റവും വലിയ തൊഴില്‍ മേഖലയാണ് നിർമാണ മേഖല,എണ്ണ മേഖലയിലുണ്ടായ സാമ്പത്തിക പ്രതിസന്ധി നിരവധി മേഖലയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട് ,ഇതിൽ പ്രധാനം നിർമാണ മേഖലയാണ്, നിരവധി നിര്‍മാണ കമ്പനികള്‍ പ്രതിസന്ധി നേരിടുകയാണ്. ഈ സാഹചര്യത്തിലാണ്, പ്രത്യേക വിഭാഗത്തിന് പ്രത്യേക വിസയെന്ന നിലവിലെ സമ്പ്രദായം മാറ്റി നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെല്ലാം ഒറ്റവിഭാഗം വിസ നല്‍കണമെന്നാണ് കോണ്‍ട്രാക്ടര്‍മാര്‍ പറയുന്നത്. ഈ ആവശ്യം ഉടന്‍തന്നെ പരിഗണിക്കുമെന്നാണ് പ്രത്യാശിക്കുന്നതെന്ന് നിര്‍മാണ കമ്പനി ഉടമകള്‍ പറഞ്ഞു. നിലവില്‍ കൽപണി, ആശാരി , മെക്കാനിക്കിനുമൊക്കെ പ്രത്യേകം പ്രത്യേകം വിസകളാണ്. ഇത് നിരവധി പ്രതിസന്ധികളുണ്ടാക്കുന്നുണ്ട്. പുതിയ വിസ നിലവില്‍ വന്നാൽ വ്യത്യസ്ത കഴിവുള്ളവരെ ജോലിക്ക് നിയമിക്കാന്‍ കഴിയുമെന്നും ഇവരെക്കൊണ്ട് വ്യത്യസ്ത ജോലികള്‍ ചെയ്യിക്കാന്‍ കഴിയുമെന്നും കോണ്‍ട്രാക്ടര്‍മാര്‍ പറയുന്നു. വിസ ക്ളിയറന്‍സില്‍ രേഖപ്പെടുത്തിയ ജോലി മാത്രമാണ് നിലവിലെ തൊഴില്‍ നിയമ പ്രകാരം ചെയ്യാന്‍ കഴിയുന്നത്. തൊഴില്‍ കാര്‍ഡില്‍ രേഖപ്പെടുത്തിയതല്ലാത്ത ജോലികള്‍ ചെയ്യുന്നത് ശിക്ഷാര്‍ഹവുമാണ്. പൊതുവിസ അനുവദിക്കുന്നതോടെ നിര്‍മാണ മേഖലയിലെ എല്ലാ ജോലിയും എല്ലാവര്ക്കും ചെയ്യാന്‍ കഴിയും. ഇതോടെ നിശ്ചിത ജോലിക്ക് പ്രത്യേക തൊഴിലാളികളെ നിയമിക്കുന്നത് വഴിയുണ്ടാവുന്ന നഷ്ടം ഒഴിവാക്കാന്‍ കഴിയുമെന്നും കമ്പനി ഉടമകള്‍ പറയുന്നു. പൊതുവിസ അനുവദിക്കുന്നത് ഒമാന്‍ തൊഴില്‍ നിയമത്തിന്‍െറ ലംഘനമാവില്ളെന്നാണ് കമ്പനി ഉടമകള്‍ പറയുന്നത്. എന്നാൽ ഇതുസംബദ്ധിച് മന്ത്രലയം ഇതുവരെ പ്രതികരിച്ചിട്ടില്ല.