മനാമ: ബഹ്റൈനിൽ കോവിഡ്-19 സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 260 ആയി. ആരോഗ്യമന്ത്രാലയം വെബ്സൈറ്റിൽ ഒടുവിൽ പ്രസിദ്ധീകരിച്ച കണക്കനുസരിച്ച് 125 ഇന്ത്യക്കാർക്ക് കൂടിയാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതുവരെ ആറ് ഇന്ത്യക്കാരാണ് സുഖം പ്രാപിച്ചത്.കഴിഞ്ഞ ദിവസങ്ങളിൽ വിവിധ ലേബർ ക്യാമ്പുകളിൽ നടത്തിയ പരിശോധനകളിൽ നിരവധി പ്രവാസി തൊഴിലാളികൾക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.ലേബർ ക്യാമ്പുകളിൽ തൊഴിലാളികൾ കൂട്ടമായി താമസിക്കുന്നതാണ് ഇവർക്കിടയിൽ രോഗം പകരാൻ ഇടയാക്കുന്നത്. ഇൗ സാഹചര്യത്തിൽ പ്രവാസി തൊഴിലാളികളെ സ്കൂളുകളിലേക്കും മറ്റും മാറ്റിപ്പാർപ്പിക്കാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. അതിനിടെ, ബഹ്റൈനിൽ വെള്ളിയാഴ്ച പുതുതായി 44 പേർക്ക് കൂടി കോവിഡ് -19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ചികിത്സയിൽ ഉള്ളവരുടെ എണ്ണം 1011 ആയി. 23 പേർ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 726 ആയി.പുതിയ രോഗികളിൽ രണ്ടുപേർ പ്രവാസി തൊഴിലാളികളാണ്. ഇറാനിൽനിന്ന് എത്തിച്ച 22 പേർക്കും രോഗം സ്ഥിരീകരിച്ചു. 10 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്. മുൻകരുതൽ നിരീക്ഷണത്തിൽ പാർപ്പിച്ചിരുന്ന 56 പേരെക്കൂടി വിട്ടയച്ചു. ഇതോടെ നിരീക്ഷണത്തിൽനിന്ന് ഒഴിവാക്കിയവരുടെ എണ്ണം 1274 ആയി.