തൃശൂർ സ്വദേശി ഒമാനിൽ മരിച്ചു

മസ്​കറ്റ് ​: അർബുദത്തെ തുടർന്ന്​ ചികിത്സയിലിരുന്ന തൃശൂർ സ്വദേശി മസ്​കത്തിൽ മരിച്ചു. മാള പഴയാറ്റിൽ ജോസി​ന്റെ (ജോസ് ടെക്റ്റയിൽസ്) മകൻ ജോയൽ (42) ആണ്​ വെള്ളിയാഴ്​ച രാത്രി നിര്യാതനായത്​. ഒമാൻ ലുലു എക്​സ്​ചേഞ്ച്​ മസ്​കത്ത്​ ഏരിയാ മാനേജരായിരുന്നു. അർബുദം ബാധിച്ചതിനെ തുടർന്ന്​ മൂന്ന്​ വർഷത്തിലധികമായി ചികിത്സയിൽ ആയിരുന്നു.നാട്ടിലായിരുന്നു ചികിത്സ നടത്തിയത്​. ചികിത്സക്കായി നാട്ടിൽ പോകാനിരുന്ന സമയത്താണ്​ ഇന്ത്യയിൽ ലോക്​ഡൗണും അന്താരാഷ്​ട്ര വിമാന സർവിസുകൾക്ക്​ വിലക്കും നിലവിൽ വന്നത്​. ഇതോടെ ചികിത്സ മുടങ്ങി.അസുഖം മൂർധന്യാവസ്​ഥയിൽ എത്തിയതിനെ തുടർന്ന്​ ഒരു മാസത്തോളമായി മസ്​കത്തിലെ ആസ്​റ്റർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ജോയലിനെ നാട്ടിൽ എത്തിക്കാനുള്ള സാധ്യതകൾ തേടി എംബസിയുമായി സുഹൃത്തുക്കളും സഹപ്രവർത്തകരും ബന്ധപ്പെട്ടിരുന്നെങ്കിലും നടന്നില്ല.ഗർഭിണിയായ ഭാര്യ ഡയാനയും മൂന്ന്​ മക്കളും മസ്​കത്തിലുണ്ട്​. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങൾ നടത്തിവരുകയാണെന്ന്​ സുഹൃത്തുക്കൾ പറഞ്ഞു.