കണ്ണൂര്‍: കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യ പ്രേരണകുറ്റം ചുമത്തിയതിന് പിന്നാലെ പി പി ദിവ്യയെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കി. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം നേതാക്കള്‍ ദിവ്യയുടെ വീട്ടില്‍ എത്തിയിരുന്നു. എഡിഎമ്മിന്റെ മരണത്തില്‍ ദിവ്യക്കെതിരെ പ്രതിഷേധം ശക്തമാവുമ്പോഴും ദിവ്യയെ പാര്‍ട്ടി സംരക്ഷിക്കുന്നുവെന്ന ആരോപണം ശക്തമായിരുന്നു.പുതിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി അഡ്വ. കെ.കെ. രത്നകുമാരിയെ പരിഗണിക്കാന്‍ സെക്രട്ടറിയേറ്റ് തീരുമാനിച്ചതായാണ് വിവരം.
നവീന്‍ ബാബുവിന്റെ മരണത്തില്‍ ദിവ്യയെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. പി പി ദിവ്യ അഴിമതിയാരോപണം ഉന്നയിച്ച് തൊട്ടടുത്ത ദിവസമായിരുന്നു നവീനെ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലായിരുന്നു പി പി ദിവ്യ ആരോപണം ഉന്നയിച്ചത്. ചെങ്ങളായിലെ പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ആരോപണം. ഇനി പോകുന്നിടത്ത് കണ്ണൂരിലേതുപോലെ പ്രവര്‍ത്തിക്കരുതെന്ന് ദിവ്യ പറഞ്ഞിരുന്നു.