പാറശാലയിലെ ഷാരോൺ രാജിന്റെ മരണം കൊലപാതകം

തിരുവനന്തപുരം:പാറശാലയിലെ ഷാരോൺ രാജിന്റെ മരണം കൊലപാതകം.ചോദ്യം ചെയ്യലിനൊടുവിൽ 22കാരിയായ  ​ഗ്രീഷ്മ തന്നെയാണ് കുറ്റം സമ്മതിച്ചത്.മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴിവാക്കാൻ തീരുമാനിച്ചുവെന്നും അതുകൊണ്ടാണ് കഷായത്തിൽ വിഷം കലർത്തി നൽകിയതെന്നുമാണ് ​ഗ്രീഷ്മ പൊലീസിനോട് മൊഴിനൽകിയത് .അന്വേഷണം ഇന്നലെ ജില്ലാ ക്രൈംഞ്ച്രാഞ്ച് ഏറ്റെടുത്തിരുന്നു. പെൺകുട്ടിയുടെ മാതാപിതാക്കളും ജ്യൂസ് വാങ്ങി നൽകിയ ബന്ധുവും ഉടൻ ഹാജരാകണമെന്ന് പോലീസ്  നിർദ്ദേശം നൽകിട്ടുണ്ട് . അതിനിടയിലാണ് പെൺകുട്ടി കുറ്റം സമ്മതിച്ചത് .ഗ്രീഷ്മ പാറശാല പൊലീസിന് നൽകിയ മൊഴിയിൽ വൈരുധ്യമുണ്ടായിരുന്നു. ഇതിൽ നിന്ന് തന്നെ പെൺകുട്ടിയാവാം കുറ്റവാളിയെന്ന സംശയം പോലീസിനുണ്ടായിരുന്നു. ഷാരോൺ കഷായം കഴിച്ചത് ഡോക്ടറോട് പറഞ്ഞില്ലെന്ന് തിരുവനന്തപുരം റൂറൽ എസ്പി ഡി. ശിൽപ അറിയിച്ചിരുന്നു.  ഷാരോണിന്റെ മരണത്തിൽ കൂടുതൽ വാട്‌സാപ്പ് സന്ദേശങ്ങൾ കുടുംബം പുറത്തുവിട്ടിരുന്നു. പെൺസുഹൃത്തും ഷാരോണും തമ്മിൽ അവസാനദിവസങ്ങളിൽ നടത്തിയ വാട്‌സാപ്പ് ഓഡിയോ ചാറ്റുകളാണ് കുടുംബം പുറത്തുവിട്ടത്. കഷായം കുടിച്ച കാര്യം താൻ വീട്ടിൽ പറഞ്ഞിട്ടില്ലെന്നും ജ്യൂസ് കുടിച്ചതാണ് ഛർദിലിന് കാരണമെന്നാണ് വീട്ടുകാരോട് പറഞ്ഞതെന്നും  ഷാരോൺ പെൺകുട്ടിയോട് വാട്‌സാപ്പിൽ പറയുന്നുണ്ട്.യുവതി മറുപടി നൽകുന്നതിന്റെ സന്ദേശവും പുറത്തു വന്നിട്ടുണ്ട്. തനിക്കും ജ്യൂസിൽ രുചി വ്യത്യാസം തോന്നി. അതാകാം ഛർദ്ദിക്കുന്നതിന് കാരണമെന്ന് യുവതിയും പറയുന്നു. പെൺകുട്ടിയുടെ സുഹൃത്തിനെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണെന്നും ശാസ്ത്രീയ പരിശോധനകൾ വേണമെന്നും പോലീസ് പറഞ്ഞു.