ലണ്ടന്‍ : ഇനി മുതല്‍ യുകെയില്‍ ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഉപയോഗിച്ചാല്‍ കടുത്ത പിഴ. മൊബൈല്‍ ഉപയോഗിക്കുന്നതിന് പിടിക്കപ്പെട്ടാല്‍ പിഴ 200 പൗണ്ടായിരിക്കും. കൂടാതെ ഡ്രൈവിങ് ലൈസന്‍സില്‍ ആറു പെനാല്‍റ്റി പോയിന്റ് ഇടുകയും ചെയ്യും. നേരത്തെ 100 പൗണ്ടായിരുന്നു പിഴ . ശിക്ഷാ നടപടികള്‍ ഇരട്ടിയാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ആണ് മാര്‍ച്ച് 1 മുതല്‍ ആരംഭിച്ചത്.
പുതിയ ഡ്രൈവര്‍മാര്‍ സൂക്ഷിച്ചില്ലെങ്കില്‍ ലൈസന്‍സും പോകും. കാരണം ആദ്യത്തെ രണ്ട് വര്‍ഷം കൊണ്ട് 6 പോയിന്റ് ആയാല്‍ അവരുടെ ഡ്രൈവിംഗ് ലൈസന്‍സ് തന്നെ നഷ്ടപ്പെടുന്ന അവസ്ഥയാകും. മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ച് ഡ്രൈവ് ചെയ്യാനുള്ള സാധ്യത പുതിയ ഡ്രൈവര്‍മാരില്‍ കൂടുതലാണ്. മറ്റുള്ളവര്‍ക്ക് 12 പോയിന്റ് ആകുമ്പോള്‍ മാത്രമാണ് ഒരു നിരോധനം നേരിടേണ്ടി വരിക.വാഹനം ഓടിക്കുന്നതിനിടെ മാത്രമല്ല, ചുവപ്പു സിഗ്‌നലില്‍ പോലും മൊബൈല്‍ ഉപയോഗിക്കാന്‍ ഡ്രൈവര്‍മാര്‍ക്ക് അനുമതിയില്ല. വാഹനത്തില്‍ത്തന്നെ സ്റ്റാന്‍ഡില്‍ വച്ചുള്ള ഉപയോഗവും അനുവദിക്കില്ല. സ്പീക്കര്‍ ഫോണിലുള്ള ഉപയോഗവും പിഴ ക്ഷണിച്ചുവരുത്തും.
അടിയന്തരഘട്ടങ്ങളില്‍ 999, 112 നമ്പരുകളിലേക്കു വിളിക്കാന്‍ ഡ്രൈവര്‍മാര്‍ക്ക് അനുമതിയുണ്ട്. എന്നാല്‍ ഈ സമയവും വാഹനപരിശോധനയ്ക്ക് ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥന്‍ പിടികൂടുന്നപക്ഷം കാര്യം ബോധ്യപ്പെടുത്താന്‍ ഡ്രൈവര്‍ ബാധ്യസ്ഥനായിരിക്കും.പിഴ 200 പൗണ്ടാക്കി വര്‍ദ്ധിപ്പിച്ചതും, പെനാല്‍റ്റി പോയിന്റ് ആറിലേക്ക് ഉയര്‍ത്തിയതും ജനങ്ങളെ ഇതില്‍ നിന്നും പിന്തിരിപ്പിക്കുമെന്നാണ് പ്രതീക്ഷയെന്ന് ആര്‍എസി റോഡ് സേഫ്റ്റി വക്താവ് പീറ്റ് വില്ല്യംസ് വ്യക്തമാക്കി. നിരീക്ഷിക്കാന്‍ ആവശ്യത്തിന് റോഡ് ട്രാഫിക് പോലീസിന്റെ സേവനം ലഭ്യമാക്കാത്തത് മൂലം ഫോണ്‍ ഉപയോഗിക്കുന്നവര്‍ സുഖമായി രക്ഷപ്പെടാനുള്ള സാധ്യതയുണ്ടെന്ന് വില്ല്യംസ് പറയുന്നു.