മനാമ: ലോകത്തിന്റെ രക്ഷകനായി അവതരിച്ച യേശുക്രിസ്തുവിന്റെ ശിഷ്യന്മാരോടൊത്തുള്ള അന്ത്യ അത്താഴത്തിന്റെ ഓര്‍മ്മ പുതുക്കി വിശ്വാസികള്‍ പെസഹാ പെരുന്നാൾ ആചരിക്കുന്നതിന്റെ ഭാഗമായി ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലും പ്രത്യേക ശുശ്രൂഷകള്‍ നടന്നു. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കൊല്ലം ഭദ്രാസനാധിപനും സഭയുടെ സണ്ടേസ്കൂള്‍ പ്രസ്ഥാനത്തിന്റെ പ്രസിഡണ്ടുമായ അഭിവന്ദ്യ ഡോ. ജോസഫ് മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാര്‍മികത്വത്തിലും ഇടവക വികാരി റവ. ഫാദര്‍ പോള്‍ മാത്യൂ, സഹവികാരി റവ. ഫാദര്‍ സുനില്‍ കുര്യന് ബേബി എന്നിവരുടെ സഹ കാര്‍മികത്വത്തിലുമാണ് ആരാധനകള്‍ നടന്നത്.
ഇന്ന് വൈകിട്ട് 6 മണി മുതല്‍ കത്തീഡ്രലിൽ വെച്ച് സന്ധ്യ നമസ്ക്കാരവും കാല് കഴുകല്‍ ശുശ്രൂഷയും നടക്കും. നാളെ വെള്ളിയാഴ്ച്ച രാവിലെ 7 മണി മുതല്‍ സെല്മാബാദ് ഗള്‍ഫ് എയര്‍ ക്ലബില്‍ വച്ച് ദുഃഖ വെള്ളിശുശ്രൂഷകളും പ്രാർത്ഥനകളും നടക്കുമെന്ന് ട്രസ്റ്റി ശ്രീ ജീസണ്‍ ജോര്‍ജ്ജ്, സെക്രട്ടറി ശ്രീ ജേക്കബ് പി. മാത്യൂ എന്നിവര്‍ അറിയിച്ചു.